പള്ളുരുത്തി: പതിനാലാം വയസിൽ പൂജാദികർമ്മങ്ങൾ ഏറ്റെടുത്ത് ആദിത്യനും അദ്വൈതും. ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ ഇരട്ടസഹോദരൻമാർ പഠനത്തോടൊപ്പമാണ് സംസ്കൃതവും മന്ത്രങ്ങളും ഇനി ഉരുവിടാൻ പോകുന്നത്. കഴിഞ്ഞദിവസം പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഉണ്ണി ശാന്തി, പ്രതാപൻ ശാന്തി എന്നിവർ മുഖ്യകാർമ്മികരായി. ഇരട്ടകളുടെ പൂജാപാത്ര കൈമാറ്റ ചടങ്ങ് ദർശിക്കാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.
പെരുമ്പടപ്പ് ചെറുവള്ളി വീട്ടിൽ ധർമ്മൻ - രാജലക്ഷ്മി ദമ്പതികളുടെ മക്കളാണ് ഇവർ. പുരാണ വായനയിലും പഠനത്തിലും തൽപ്പരരാണ് ഈ ഇരട്ട സഹോദരങ്ങൾ. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിലെ ചെണ്ട വിദ്വാൻ ജവ്ഷൽ ബാബുവിന്റെയും ആർ.എൽ.വി.രഞ്ജിത്തിന്റെയും കീഴിൽ ഇവർ ചെണ്ടമേളം അഭ്യസിച്ചിട്ടുണ്ട്.