പറവൂർ: ആയിരക്കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന പറവൂർ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് സി.പി.എം പറവൂർ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താലൂക്കിന് പുറമേ തീരദേശമേഖലയായ മുനമ്പം, പള്ളിപ്പുറം, ചെറായി ഭാഗത്ത് നിന്നുള്ളവരും ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ അനുബന്ധ ജീവനക്കാരോയില്ല. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്നത്തെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണം. കയർ സംഘങ്ങളുടെ നഷ്ടം എഴുതിത്തള്ളണമെന്നും മുസിരിസ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നുമുള്ള പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ടി.എസ്. രാജൻ പ്രമേയങ്ങളും കെ.എസ്. സനീഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. 25ന് ഏരിയ കമ്മറ്റി അംഗങ്ങളേയും സെക്രട്ടറിയേയും തിരഞ്ഞെടുക്കും.