photo
ചെറായി ബീച്ചിൽ റിസോർട്ടിന്റെ കൈവശമിരുന്ന വസ്തു സർക്കാർ വകയാക്കി റവന്യൂ അധികൃതർ ബോർഡ് സ്ഥാപിച്ചപ്പോൾ

വൈപ്പിൻ: ചെറായി ബീച്ചിൽ കണ്ണായ സ്ഥലത്ത് വർഷങ്ങളായി റിസോർട്ടിന്റെ ഉടമകൾ കൈവശം വച്ചിരുന്ന സർക്കാർ ഭൂമി ഇന്നലെ റവന്യൂ അധികൃതർ തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചു. വർഷങ്ങൾക്ക് മുമ്പാണ് 28 സെന്റ് വസ്തു റിസോർട്ട് ഉടമകൾ വാങ്ങിയത്. വസ്തുവിന് ആധാരമോ കൈവശരേഖയോ ഇല്ലാത്തതിനാൽ വി​റ്റയാൾക്ക് സർക്കാരിൽനിന്ന് പട്ടയം ലഭിക്കുന്ന മുറയ്ക്ക് തീറ് നൽകാമെന്ന് കരാർ എഴുതിവാങ്ങിയാണ് റിസോർട്ട് വസ്തു കൈവശമാക്കിയത്. വസ്തു വി​റ്റയാൾക്ക് അതിനുമുന്നേതന്നെ ഇതി​നോട് ചേർന്നുകിടക്കുന്ന 5 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുകയും അത് മറ്റൊരാൾക്ക് വില്പന നടത്തുകയും ചെയ്തിരുന്നു. അതിനാൽ രണ്ടാമതൊരു പട്ടയം ഇയാൾക്ക് സർക്കാർ അനുവദിച്ചില്ല. ഇയാൾ ചേന്ദമംഗലത്ത് വസ്തുവാങ്ങി അവിടെ താമസമാക്കുകയും ചെയ്തു.

പിന്നീട്, നേരത്തെ ലഭിച്ചതിന് പുറമെ 50 ലക്ഷം രൂപ കൂടി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇയാളും മക്കളും രംഗത്തെത്തി. ചെറായി ബീച്ചിൽ ഒരു സംഘടനയുടെ നേതൃത്വത്തിൽ സമരവും നടത്തി. ഇതോടെ പൊലീസ് സ്റ്റേഷനിലും കോടതിയിലും കേസുകളുമായി. ഇത്രയുമായപ്പോഴാണ് റവന്യൂ അധികൃതർ രംഗത്തെത്തിയത്. വസ്തു പുറമ്പോക്കാണെന്നും സർക്കാരാണ് യഥാർത്ഥ ഉടമയെന്നും തെളിഞ്ഞതോടെയാണ് വസ്തു റവന്യൂ അധികൃതർ അളന്ന് തിരിച്ച് സർക്കാർ വകയാക്കിയത്. വസ്തുവിന് ഇപ്പോൾ ഒന്നരക്കോടി രൂപ വില മതിക്കുമെന്ന് കണക്കാക്കുന്നു.
പള്ളിപ്പുറം വില്ലേജ് സർവേ 464/2 ൽ പെട്ട 8.30 ആർസ് ( 20.500 സെന്റ് ) പുറമ്പോക്ക് ഭൂമിയാണ് കൊച്ചി താലൂക്ക് ഭൂരേഖ തഹസിൽദാർ ബെന്നി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്. താലൂക്ക് സർവേയർ ഡെനീഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, പള്ളിപ്പുറം വില്ലേജ് ഓഫീസർ ജോസ്‌മോൻ എന്നിവരുടെ നേതൃത്വത്തിലാണ് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി സർക്കാർ ബോർഡ് സ്ഥാപിച്ചത്.

ചെറായി ബീച്ചിൽ പലയിടത്തും സർക്കാർ വക പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ചിട്ടുണ്ട്. ഇവ റവന്യൂ അധികൃതർ മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന്റെ കൈവശത്തിൽ കൊണ്ടുവരണം.
പി. ബി. സജീവൻ, മുൻ പ്രസിഡന്റ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്