മൂവാറ്റുപുഴ: നഗരത്തിലെ ഇ. ഇ.സി മാർക്കറ്റ് - കീച്ചേരിപടി ബൈപാസ് റോഡ് തകർന്നു സഞ്ചാര യോഗ്യമല്ലാതായി. റോഡ് തകർന്നു അപകടങ്ങൾ തുടർക്കഥയാകുമ്പോഴും നടപടി സ്വീകരിക്കാതെ നോക്കുകുത്തിയാകുകയാണ് അധികൃതർ. കുഴികളിൽ വീണ്ഇരുചക്ര വാഹന യാത്രികർക്ക് പരിക്കേൽക്കുന്നത് പതിവായതോടെ കുഴികൾക്ക് സമീപം മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാർ.റോഡ് ആര് നന്നാക്കണമെന്ന് നഗരസഭ, പൊതുമരാമത്ത് വകുപ്പുകളുടെ തർക്കം തുടരുകയാണ്. കഴിഞ്ഞ രണ്ടു മാസം മുമ്പാണ് റോഡ് പൂർണമായി തകർന്നത്. ഒന്നര കിലോമീറ്റർ ദൂരം വരുന്ന റോഡ് ഇ.ഇ.സി മാർക്കറ്റ് നിർമ്മാണവുമായി ബന്ധപെട്ട് കാൽ നൂറ്റാണ്ടു മുമ്പാണ് നഗരസഭ നിർമ്മിച്ചത്. ഇതിന്റ ഒരു ഭാഗം പൊതുമരാമത്തുവകുപ്പിന്റ കീഴിലുമാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകരുമ്പോൾ നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിൽ ആരു അറ്റകുറ്റ പണികൾ നടത്തണമെന്നതിനെ ചൊല്ലി തർക്കങ്ങൾ ഉടലെടുക്കാറുണ്ട്. അഞ്ച് വർഷം മുമ്പ് റോഡ്തകർന്നപ്പോഴും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഒടുവിൽ നാട്ടുകാർ നടത്തിയ സമരങ്ങൾക്കൊടുവിലാണ് റോഡ് നന്നാക്കിയത്.ഹനുമാൻ കോവിലിനു സമീപം വളവിൽ മൂന്നു മാസം മുമ്പ് കുടിവെള്ളെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വൻ ഗർത്തം രൂപപെട്ടതോടെയും തർക്കമുണ്ടായി. ഒടുവിൽ പൗരസമിതി പ്രവർത്തകർ കുഴിയടച്ചാണ് പ്രശ്നം പരിഹരിച്ചത്. മഴയാരംഭിച്ചതോടെ റോഡിലുടനീളം വൻ ഗർത്തങ്ങളാണ് രൂപപെട്ടിരിക്കുന്നത്.