തൃക്കാക്കര: ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ മുൻകരുതൽ ജില്ലാ കളക്ടർ ജാഫർ മാലിക് വിലയിരുത്തി. രാത്രി കാലങ്ങളിൽ നിരീക്ഷണം കർശനമായി തുടരണമെന്ന് കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറിയവർ ക്യാമ്പുകളിൽ തന്നെ തുടരുന്നുണ്ടന്ന് ഉറപ്പാക്കണം. അപകട സാധ്യത തോന്നുന്ന പ്രദേശങ്ങളിൽ ജിയോളജിസ്റ്റ് പരിശോധന നടത്തും. കോതമംഗലം താലൂക്കിലെ മലയോര മേഖലയിൽ രാത്രികാല നിരീക്ഷണം തുടരാനും ശക്തമായ മഴ ഉണ്ടായാൽ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകി.