അങ്കമാലി: ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെ പിസ്റ്റളുമായി അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. കറുകുറ്റിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളിയാണ് ബുർഹൻ. കരാറുകാരൻ 48,000 രൂപ തനിക്ക് നൽകാനുണ്ടെന്നും ഇത് വാങ്ങിയെടുക്കാൻ സുഹൃത്ത് ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്ന് വരുത്തുകയായിരുന്നെന്നും ബുർഹൻ പൊലീസിനോട് പറഞ്ഞു.
ഇവർ തോക്കുമായി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിടിയിലായത്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ കാല പിസ്റ്റൾ ഗോവിന്ദ് കുമാർ ഉത്തർപ്രദേശിൽ നിന്ന് വാങ്ങിയതാണ്. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ കെ.അജിത്ത്, എ.എസ്.ഐ.പി.ജി.സിബു, പ്രസാദ്, ബെന്നി ഐസക്, വിപിൻ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.