മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനു വേണ്ടി കാരിക്കോട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.എം നേതാക്കളായ സി.കെ റെജി, പി.ഡി രമേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം വാടകയ്ക്കെടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനവും പഞ്ചായത്ത് നടത്തിയിരുന്നു. ഇതിന്റെ പേരിൽ ഫണ്ട് ശേഖരിക്കുന്നതിന് പഞ്ചായത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും ഇവർ ആരോപിച്ചു. ഹോട്ടലിന് കെട്ടിടം വാടകയ്ക്ക് വാങ്ങാനാണ് നിർദ്ദേശം. വാടക പഞ്ചായത്ത് നൽകുമെന്നും നിർമ്മാണത്തിന് പഞ്ചായത്ത് സഹായം നൽകിയിട്ടില്ലെന്നും, ഇപ്പോൾ നടക്കുന്ന ധനസമാഹരണവുമായി ബന്ധപെട്ടിട്ടില്ലെന്നും സെക്രട്ടറി വിവരാവകാശരേഖ പ്രകാരം നൽകിയ കത്തിലുണ്ട്. നിയമപ്രകാരം കെട്ടിടം എന്നെങ്കിലും കുടുംബശ്രീ ഒഴിഞ്ഞു പോയാൽ ഇത് സ്വകാര്യ വ്യക്തിക്ക് സ്വന്തമാകുമെന്നിരിക്കെ എന്തിനാണ് ഇവർ നിർമ്മാണത്തിന് പണം പിരിച്ചു നൽകുന്നതെന്നും നേതാക്കൾ ചോദിച്ചു. പഞ്ചായത്തിന്റെ ബസ് സ്റ്റാൻഡിലും മാർക്കറ്റിലുമുള്ള കെട്ടിടങ്ങൾ ഹോട്ടലിനായി ഉപയോഗിക്കാവുന്നതാണ്. എന്നിട്ടും നഗരത്തിൽ നിന്നും മാറിയാണ് ഹോട്ടൽ ആരംഭിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിട്ടുണ്ട്. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം ഷേർളി വർഗ്ഗീസ്, പഞ്ചായത്ത് അംഗം ലിജിൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.