കൊച്ചി: കേരള ലോട്ടറി വേണോ? നിങ്ങൾ രാജ്യത്ത് എവിടെയാണെങ്കിലും ലഭിക്കും. കേരള ലോട്ടറി സംസ്ഥാനത്തിന് പുറത്ത് വിൽക്കുന്നത് നിയമവിരുദ്ധമാണെങ്കിലും അനധികൃത ഓൺലൈൻ വില്പന സജീവം. ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇടപാടുകൾ.
വാട്സാപ്പിൽ അഡ്രസ് അയച്ച് ഓൺലൈൻ വഴി പേമെന്റ് നടത്തിയാൽ ദിവസങ്ങൾക്കകം ലോട്ടറി തപാലിലെത്തും. നവംബർ 21ന് നറുക്കെടുക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ വില്പന ഉഷാറാണിപ്പോൾ.
200 രൂപയുടെ ബമ്പർ വാങ്ങുമ്പോൾ 100രൂപ അധികം നൽകണം. എത്ര വാങ്ങിയാലും 100രൂപയാണ് ഫീസ്.
ഈ ഇടപാട് 2011ലെ സംസ്ഥാന ലോട്ടറി റഗുലേഷൻ അമെൻഡ്മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും കുറ്റകരമാണ്. വില കൂട്ടിയോ കുറച്ചോ വിൽക്കുന്നതും നിയമവിരുദ്ധമാണ്.
സർക്കാരിന്റെ പേരിലും കബളിപ്പിക്കൽ
സമ്മാനം ലഭിക്കുന്ന നമ്പരുകളെന്ന വ്യാജേന സർക്കാർമുദ്രയും ലോട്ടറി ഡയറക്ടറേറ്റിന്റെ പേരും ഉപയോഗിച്ച് ഓൺലൈനിൽ പരസ്യംനൽകിയും തട്ടിപ്പുനടക്കുന്നുണ്ട്. ലോട്ടറി ഏജൻസിയുടെ പേരിലാണ് ഇവരുടെ ഫേസ്ബുക്ക് ഇടപാട്.
സമ്മാനം ലഭിച്ചില്ലെങ്കിൽ പണം ഉറപ്പായും തിരികെ ലഭിക്കുമെന്നാണ് ഓഫർ. ഇതിന് ആയിരങ്ങളാണ് ഫീസ്.
ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉടൻ ഉണ്ടാകുമെന്നും വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം തുടങ്ങി
ഓൺലൈൻ ലോട്ടറി വില്പനയെയും വ്യാജപരസ്യങ്ങളെയും കുറിച്ച് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏജൻസികളാണ് ഇതിന് പിന്നിലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.
എബ്രഹാം റെൻ,
ലോട്ടറി വകുപ്പ് ഡയറക്ടർ