janar

കൊച്ചി: കേരള ലോട്ടറി വേണോ? നിങ്ങൾ രാജ്യത്ത് എവിടെയാണെങ്കിലും ലഭിക്കും. കേരള ലോട്ടറി സംസ്ഥാനത്തി​ന് പുറത്ത് വി​ൽക്കുന്നത് നി​യമവി​രുദ്ധമാണെങ്കി​ലും അനധികൃത ഓൺലൈൻ വില്പന സജീവം. ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകൾ വഴി​യാണ് ഇടപാടുകൾ.

വാട്സാപ്പിൽ അഡ്രസ് അയച്ച് ഓൺലൈൻ വഴി​ പേമെന്റ് നടത്തി​യാൽ ദിവസങ്ങൾക്കകം ലോട്ടറി തപാലിലെത്തും. നവംബ‌ർ 21ന് നറുക്കെടുക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ വി​ല്പന ഉഷാറാണി​പ്പോൾ.
200 രൂപയുടെ ബമ്പർ വാങ്ങുമ്പോൾ 100രൂപ അധികം നൽകണം. എത്ര വാങ്ങിയാലും 100രൂപയാണ് ഫീസ്.

ഈ ഇടപാട് 2011ലെ സംസ്ഥാന ലോട്ടറി റഗുലേഷൻ അമെൻഡ്മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും കുറ്റകരമാണ്. വി​ല കൂട്ടിയോ കുറച്ചോ വിൽക്കുന്നതും നിയമവിരുദ്ധമാണ്.

സർക്കാരി​ന്റെ പേരി​ലും കബളിപ്പിക്കൽ

സമ്മാനം ലഭിക്കുന്ന നമ്പരുകളെന്ന വ്യാജേന സർക്കാർമുദ്ര‌യും ലോട്ടറി ഡയറക്ടറേറ്റിന്റെ പേരും ഉപയോഗി​ച്ച് ഓൺലൈനി​ൽ പരസ്യംനൽകി​യും തട്ടി​പ്പുനടക്കുന്നുണ്ട്. ലോട്ടറി ഏജൻസിയുടെ പേരി​ലാണ് ഇവരുടെ ഫേസ്ബുക്ക് ഇടപാട്.

സമ്മാനം ലഭിച്ചില്ലെങ്കിൽ പണം ഉറപ്പായും തിരികെ ലഭിക്കുമെന്നാണ് ഓഫർ. ഇതിന് ആയിരങ്ങളാണ് ഫീസ്.

ഇത്തരക്കാർക്കെതി​രെ ശക്തമായ നടപടി ഉടൻ ഉണ്ടാകുമെന്നും വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അന്വേഷണം തുടങ്ങി​

ഓൺ​ലൈൻ ലോട്ടറി​ വി​ല്പനയെയും വ്യാജപരസ്യങ്ങളെയും കുറി​ച്ച് വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏജൻസികളാണ് ഇതിന് പിന്നിലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.

എബ്രഹാം റെൻ,

ലോട്ടറി വകുപ്പ് ഡയറക്ട‌ർ