ആലുവ: അതിർത്തി പുനർനിർണയിച്ച സി.പി.എം ആലുവ ഏരിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് 25ന് നടക്കാനിരിക്കെ നേതാക്കളിൽ ആശങ്ക. നിലവിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ ഒരു ഡസനിലേറെ പേർ പുറത്താകാനുള്ള സാദ്ധ്യതയുണ്ട്. പ്രവർത്തനത്തിലെ വീഴ്ച്ചകൾ മാത്രമല്ല, നേതാക്കളുടെ വ്യക്തിപരമായ അനിഷ്ടവും ഒഴിവാക്കലിന് കാരണമാകുമെന്നതാണ് ചിലരെങ്കിലും ആശങ്കപ്പെടുത്തുന്നത്.
നിലവിലുള്ള എ.സിയിൽ ഏഴ് എൽ.സികളിൽ നിന്നായി 17 അംഗ കമ്മിറ്റിയാണുള്ളത്. ഇതിൽ കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികൾ കളമശേരി എ.സിയിലേക്ക് മാറും. നെടുമ്പാശേരി എ.സിയിലായിരുന്ന നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, കാലടി എ.സിയുടെ ഭാഗമായിരുന്ന ശ്രീമൂലനഗരം എൽ.സികൾ ആലുവ എ.സിയിലേക്കും കൂട്ടിച്ചേർക്കും. കടുങ്ങല്ലൂരിൽ നിന്നുള്ള മൂന്ന് എ.സി അംഗങ്ങൾ ഒഴിവാക്കി ആലുവയിലെ നിലവിലുള്ള 14 ഉം പുതിയതായി വരുന്ന ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 18 പേരുമടക്കം 32 എ.സി അംഗങ്ങൾ പേർ പുതിയ എ.സിയുടെ പരിധിയിലുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഏരിയ കമ്മിറ്റിയുടെ പരമാവധി അംഗസംഖ്യ 21 ആണ്. ഈ സാഹചര്യത്തിൽ 11 പേരെ ഒഴിവാക്കണം. ഇതിന് പുറമെ പുതിയതായി ലോക്കൽ സെക്രട്ടറിമാരെ ഉൾപ്പെടെ പരിഗണിക്കണം. അപ്പോൾ ഒഴിവാക്കേണ്ടവരുടെ എണ്ണം പിന്നെയും കൂടും. കമ്മിറ്റിയിൽ നിലനിൽക്കാൻ ഇതിനകം പലരും ചരടുവലികളാരംഭിച്ചിട്ടുണ്ട്. ജില്ല കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടായാൽ മാത്രമെ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ കഴിയൂ.
ആലുവ ലോക്കൽ കമ്മിറ്റിക്ക് നിശിത വിമർശനം
സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ്‌പോലും തിരിച്ചുകിട്ടാത്ത നഗരസഭയാണ് ആലുവയെന്ന് പൊതുചർച്ചക്കുള്ള മറുപടിയിൽ സംസ്ഥാന കമ്മിറ്റിയംഗം എം.സ്വരാജ് കുറ്റപ്പെടുത്തി. സംസ്ഥാനത്തൊരിടത്തും പാർട്ടിക്ക് ഈയവസ്ഥയുണ്ടായിട്ടില്ല. വാർഡുകളിൽ മുന്നണി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ പരിശോധിക്കണം. നേതാക്കന്മാരുണ്ടായിട്ട് കാര്യമില്ല, ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ കഴിയണമെന്നും സ്വരാജ് ഓർമ്മപ്പെടുത്തി.
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് കീഴ്മാട് നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു. വി.എസ് മുഖ്യമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തത്. അതിനാൽ പൊലീസിനെ നിലക്ക് നിർത്താൻ കഴിഞ്ഞിരുന്നു. ഇപ്പോൾ കുത്തഴിഞ്ഞ അവസ്ഥയാണ്. സമരങ്ങളിൽ പങ്കെടുത്ത് കേസുകളിൽപ്പെടുമ്പോൾ പാർട്ടി ആവശ്യമായ സംരക്ഷണം നൽകുന്നില്ലെന്ന് ആലുവ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധി ആരോപിച്ചു.
വനിത നേതാവിനെ 'വെട്ടാ'നുള്ള നീക്കം തടഞ്ഞ ഡി.സിക്ക് വിമർശനം
പോഷക സംഘടന ഏരിയ സെക്രട്ടറിയായിട്ടും കീഴ്മാട് എൽ.സിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം തടഞ്ഞ ജില്ലാ കമ്മിറ്റിക്കും വിമർശനം. കുറിക്കുകൊള്ളുന്ന മറുപടി നൽകി എം.സ്വരാജ് വിമർശകരുടെ വായടപ്പിച്ചു. എൽ. സിയിൽ ദളിത കൂടിയായ പരാതിക്കാരിയെ നിലനിർത്തണമെന്ന് ഡി.സി നിർദ്ദേശിച്ചു. നിർദ്ദേശം നടപ്പാക്കിയെങ്കിലും ഏരിയ സമ്മേളനത്തിൽ ഡി.സി നിർദ്ദേശത്തെ ചോദ്യം ചെയ്യുകയായിരുന്നു.
ബ്രാഞ്ച് സെക്രട്ടറി രാജിവച്ചു
സി.പി.എം കീഴ്മാട് എൽ.സി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത. കമ്മിറ്റിയിലെടുക്കാതെ തഴഞ്ഞതിൽ പ്രതിഷേധിച്ച് സഹൃദയപുരം ബ്രാഞ്ച് സെക്രട്ടറി ഷാജി കണ്ടത്തിൽ സ്ഥാനം രാജിവച്ചു. ഇതേതുടർന്ന് ആക്ടിംഗ് സെക്രട്ടറിയായി കെ.സി.ആന്റണിയെ എൽ.സി നിർദ്ദേശിച്ചു. ഷാജിയെ എൽ.സിയിലെടുത്തില്ലെന്ന് മാത്രമല്ല ഇതേ ബ്രാഞ്ചിലെ പുതിയ അംഗമായ സുമേഷ് റോയിയെ കമ്മിറ്റിയിലെടുക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ പോലും എൽ.സിയിലേക്ക് പരിഗണിക്കാതെയാണ് കമ്മിറ്റിയംഗമായ സുമേഷ് റോയിയെ ഉൾപ്പെടുത്തിയത്. ത്രിതല തിരഞ്ഞെടുപ്പിലും ഷാജിയെ നേതൃത്വം അവഗണിച്ചിരുന്നു.