കളമശേരി: സ്വപ്നഭവനത്തിൽ ഒരു ദിവസംപോലും ചെലവഴിക്കാനാകാതെ മോഹങ്ങൾ ബാക്കിവച്ച് അമ്മ ശാന്തകുമാരിയേയും സഹോദരൻ അനൂജിനേയും തനിച്ചാക്കി എലൂർ സൗത്ത് എട്ടിയേടത്ത് മoത്തിൽ 34 കാരനായ അനൂപ് അനിൽകുമാർ യാത്രയായി.
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പാസായി ബഹ്റൈനിൽ സ്വന്തമായി ബിസിനസ് നടത്തിയിരുന്ന അനൂപ് പുതിയ ഷോപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മുംബയിലായിരുന്ന ശാന്തയുടെ കുടുംബം ഭർത്താവ് അനിൽകുമാറിന്റെ വേർപാടിനെ തുടർന്നാണ് രണ്ടു കുട്ടികളുമായ് നാട്ടിലേക്ക് മടങ്ങിയത്.
മൂന്നു വർഷം മുമ്പ് പണികഴിപ്പിച്ച ഇരുനില വീട്ടിൽ മകൻ വന്നിട്ട് താമസം തുടങ്ങാൻ അമ്മയും സഹോദരനും കാത്തിരുന്നെങ്കിലും അനൂപിന്റെ നിർബന്ധപ്രകാരം താമസം തുടങ്ങി. പുതിയ ഷോപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാട്ടിലെത്തിയാൽ വിവാഹം നടത്താനുമുള്ള തീരുമാനത്തിലായിരുന്നു വീട്ടുകാർ. എന്നാൽ കഴിഞ്ഞദിസവം സ്വപ്ന ഭവനത്തിലെത്തിയത് ചേതനയറ്റ ശരീരമായിരുന്നു.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ, മദ്ധ്യമേഖലാ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ആർ.എസ്.എസ് സംസ്ഥാന സഹശാരീരിക് ശിക്ഷക് പി.ജി. സജീവ്, കൗൺസിലർമാരായ കൃഷ്ണപ്രസാദ്, ചന്ദ്രികരാജൻ, സാജു തോമസ്, എസ്.ഷാജി, കെ.എൻ.അനിൽകുമാർ, പി.ബി. ഗോപിനാഥ് ,സജിത പ്രസീദൻ , വായനശാല പ്രസിഡന്റ് പത്മകുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.