കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ഏരിയയിൽ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായതോടെ ഏരിയ കമ്മി​റ്റിയിൽ വ്യക്തമായ ആധിപത്യം നേടി ഔദ്യോഗിക പക്ഷം ഏരിയ കമ്മി​റ്റിയുടെ നിയന്ത്രണം തിരിച്ചു പിടിക്കുന്നു. പതിനഞ്ച് വർഷം മുമ്പ് പുത്തൻകുരിശിൽ വച്ച് നടന്ന ഏരിയ സമ്മേളനത്തിലാണ് ഔദ്യോഗി്ക പക്ഷത്തിന് വർഷങ്ങളായി മേൽക്കൈ ഉണ്ടായിരുന്ന കമ്മി​റ്റി നഷ്ടപ്പെട്ടത്. അതേ സ്ഥലത്ത് 30,31 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വീണ്ടും ഔദ്യോഗീക പക്ഷം കമ്മി​റ്റിയുടെ നിയന്ത്രണം പിടിക്കുന്നത് യാദൃശ്ചികമാകാം. നിലവിൽ പട്ടിമ​റ്റം, കുന്നത്തുനാട്, കിഴക്കമ്പലം, ഐരാപുരം, കോലഞ്ചേരി, ഐക്കരനാട്, വെണ്ണിക്കുളം, പുത്തൻകുരിശ് പുതുതായി ഏരിയ കമ്മി​റ്റിയിലേക്ക് ചേർത്ത അമ്പലമേട് ഉൾപ്പടെയുള്ള ലോക്കൽ കമ്മി​റ്റികളിൽ മൃഗീയാധിപത്യം ഔദ്യോഗീക പക്ഷത്തിനുണ്ട്. തിരുവാണിയൂരിൽ ഔദ്യോഗീക പക്ഷത്തിന് മേൽക്കൈ ലഭിച്ചില്ലെങ്കിലും നിലവിൽ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.എ. ജോസിനെ തന്നെ സെക്രട്ടറിയാക്കിയാണ് 13 ൽ 4 പേർ മാത്രമുള്ള ലോക്കൽ കമ്മി​റ്റിയിൽ ഔദ്യോഗീക പക്ഷം കരുത്ത് തെളിയിച്ചത്. നിലവിൽ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.ആർ. പ്രകാശിനെ ലോക്കൽ കമ്മി​റ്റിയിലെത്തിച്ചതും നേട്ടമായി. പട്ടിമ​റ്റത്ത് പി.ടി. കുമാരനും, കുന്നത്തുനാട്ടിൽ എൻ.വി. വാസുവും, കിഴക്കമ്പലത്ത് കെ.ജെ.വർഗീസും ഐരാപുരത്ത് വി.കെ. അജിതനും, ഐക്കരനാട്ടിൽ എം.കെ. മനോജും, പുത്തൻകുരിശിൽ എം.എ. വേണുവും, വെണ്ണിക്കുളത്ത് സനൽകുമാറും ഔദ്യോഗീക പക്ഷത്തിന്റെ കരുത്തു​റ്റവരാണ്. നിലവിലുള്ള ഏരിയ സെക്രട്ടറി മാറുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാറ്റിയാൽ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലെടുത്ത് നവാഗതനാകും കോലഞ്ചേരി ഏരിയ സെക്രട്ടറിയാകുന്നത്.