കൊച്ചി: എൽ.ഡി.എഫ് ആലുവ നിയോജകമണ്ഡലം കൺവീനറും എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവുമായ കെ.എം. കുഞ്ഞുമോൻ എൻ.സി.പിയിൽ നിന്ന് രാജിവച്ചു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും തുടർന്ന് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുമെന്നും കെ.എം. കുഞ്ഞുമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റായി ചുതലയേറ്റത് മുതൽ പാർട്ടിയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ് പി.സി. ചാക്കോ. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ തഴഞ്ഞുകൊണ്ടുള്ള ഇത്തരം പ്രവണത അംഗീകരിക്കാൻ കഴിയില്ല. പാർട്ടിയിൽ മതേതരത്വം നഷ്ടപ്പെട്ടിരിക്കുന്നു. അത് നേതൃത്വത്തിലെത്തിയിരിക്കുന്നവരെ നോക്കിയാൽ മനസിലാകും. മെമ്പർഷിപ്പുപോലും ഇല്ലാതെ പാർട്ടിയുടെ തലപ്പത്തെത്തിയ ചാക്കോയെ അംഗീകരിച്ച തങ്ങളെ തഴയുക മാത്രമാണ് ചെയ്തത്. പ്രവർത്തകരടക്കം നിരവധി പേരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുന്നതെന്ന് കുഞ്ഞുമോൻ പറഞ്ഞു. നാളെ രാവിലെ പതിനൊന്നിന് എറണാകുളം ടൗൺ ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.