കൊച്ചി: പേര് മെട്രോ സിറ്രി. തലയൊന്ന് ഉയർത്തി നോക്കിയാൽ കാണാം, മാറാല പോലെ കിടക്കുന്ന കേബിളുകൾ. പൊട്ടി താഴേക്കു വീണവയും ധാരാളം. ഇവ മൂലം ചില്ലറയൊന്നുമല്ല ആളുകൾ ബുദ്ധിമുട്ടുന്നത്. ശ്രദ്ധയൊന്ന് പാളിയാൽ കേബിളുകൾ കൊലക്കയറാകും ! ഇന്നലെ പുലർച്ചെ എറണാകുളം വളഞ്ഞമ്പലത്ത് കേബിളിൽ കുരുങ്ങി ഓട്ടോറിക്ഷ തകിടം മറിഞ്ഞതാണ് ഒടുവിലത്തെ സംഭവം. പോസ്റ്റ് ചാഞ്ഞ് കേബിൾ റോഡിന് കുറുകെ കിടക്കുകയായിരുന്നു. പുല‌ർച്ചെ 2.30ഓടെ യാത്രക്കാരുമായി ഇതുവഴിപോയ ഓട്ടോ അപകടത്തിൽ പെട്ടു.

ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. പൊലീസ് മൂവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്. ക്ലബ് റോഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അരമണിക്കൂർ പരിശ്രമിച്ചാണ് കേബിളുകൾ മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. കേബിളിൽ കുടുങ്ങി ഇരുചക്രവാഹന യാത്രികരും കാൽനട യാത്രികരും അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിൽ വീണുകിടക്കുന്ന കേബിളിൽ കാൽകുരുങ്ങി വീണവരും നിരവധി. താഴ്ന്നു കിടക്കുന്ന കേബിളിൽ ഹാൻഡിൽ കുരുങ്ങിയാണ് ഇരുചക്ര വാഹനയാത്രികർക്ക് അപകടമുണ്ടാകുന്നത്.

 കേബിളൂഞ്ഞാൽ

നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കേബിൾ ഊഞ്ഞാൽ പതിവു കാഴ്ചയാണ്. ചില ഇലക്ട്രിക് പോസ്റ്റുകൾ കണ്ടാൽ ഇവ മറിയാതെ പിടിച്ച് നിർത്തിയിരിക്കുന്നത് കേബിളുകളാണെന്നാണ് തോന്നിപ്പോയാലും തെറ്റ് പറയാൻ പറ്റില്ല ! എല്ലാ വലുപ്പത്തിലുമുള്ള കേബിളുകളും പോസ്റ്റിൽ കാണാമെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും തിരക്കുള്ള മറൈൻ ഡ്രൈവിലെ മരങ്ങളിൽ നിന്ന് പോസ്റ്റുകളിലേക്ക് കേബിളുകൾ ഞാന്നുകിടക്കുന്നത് സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാഹനം പാർക്ക് ചെയ്യാൻ പോലും തൂങ്ങിക്കിടക്കുന്ന കേബിളുകൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

 ആരാണ് കുറ്റക്കാ‌ർ ?

കേബിളുകൾ വലിച്ചവരിൽ കേബിൾ നെറ്റ്‌വർക്കുകാരും ടെലികോം കമ്പനിക്കാരും ഇലക്ട്രിസിറ്റിക്കാരും ഉൾപ്പെടും. അനുമതിയുള്ളവയും ഇല്ലാത്തവയും കൂട്ടത്തിലുണ്ട്. അനുമതി കിട്ടിയാലും ഇല്ലെങ്കിലും ഒരിക്കൽ വലിച്ച കേബിളുകളെ പിന്നീട് തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. ഭൂരി​ഭാഗം കേബി​ളുകളും ഉപയോഗശൂന്യമായവയാണ്. നഗരസഭയ്ക്ക് ഇവ ഒറ്റയടി​ക്ക് നീക്കം ചെയ്യാവുന്നതേയുള്ളൂ. കേബി​ൾ കുരുക്കുകൾ കാരണം ചി​ല പോസ്റ്റുകളി​ൽ കയറാനാകാത്ത സ്ഥി​തി​യി​ലാണ് കെ.എസ്.ഇ.ബി​ക്കാർ. തലങ്ങും വിലങ്ങും കേബിളുകൾ വലിക്കുന്നതിന് പകരം ഭൂമിക്കടിയിലൂടെ കേബിൾ വലിക്കാൻ നഗരത്തി​ൽ റോഡ് നവീകരണം നടത്തുന്ന സി.എസ്.എം.എൽ പ്രത്യേക ഡക്ടുകൾ പണി​യുന്നുണ്ട്.

 നഗരത്തിൽ കേബിളുകൾ മൂലമുണ്ടാകുന്ന അപകടങ്ങളും ഇതുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങളും വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കും.

വിനോദ് പിള്ള

അസി.കമ്മിഷണ‌ർ

ട്രാഫിക് വെസ്റ്റ്