കൊച്ചി: പെരിയാറ്റിലെ സ്വാഭാവിക ഒഴുക്കിന് വിഘാതം സൃഷ്ടിക്കുന്ന വടുതലയിലെ ബണ്ട് പ്രശ്‌നത്തിൽ വിചിത്ര വാദവുമായി നിർമ്മാണ കമ്പനിയായ അഫ്‌കോൺസ്. റെയിൽവേ പാലം പണി പൂർത്തീകരിച്ചതിനു പിന്നാലെ ബണ്ട് പൊളിച്ചതാണെന്ന്
മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച പോർട്ട് ട്രസ്റ്റ് ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് അഫ്‌കോൺസ് പ്രതിനിധി ഈ നിലപാടെടുത്തത്. 10വർഷംകൊണ്ട് പ്രദേശത്ത് അടിഞ്ഞു ചേർന്ന മണ്ണും ചെളിയും നീക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും വ്യക്തമാക്കി.
2010ൽ ഹൈക്കോടതിയിൽ ഉണ്ടായിരുന്ന കേസ് ബണ്ടുമായി ബന്ധപ്പെട്ടതല്ലെന്നും പ്രതിനിധി പറഞ്ഞു.
നിലപാടിലുറച്ച് ജലസേചന വകുപ്പ്
ബണ്ട് നീക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം അഫ്‌കോൺസിനും റെയിൽവേയ്ക്കും ആണെന്ന മുൻ നിലപാടിൽ ജലസേചന വകുപ്പ് ഉറച്ച് നിന്നു. റെയിൽവേ ആകട്ടെ ഉപകരാർ നല്കിയതിനാൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ഈ യോഗവും വൃഥാവിലായി. കൂടുതൽ പരിശോധനകൾ നടത്തുമെന്നും കോടതിയുടെ അന്തിമ വിധിയ്ക്കായി കാക്കാമെന്നുമുള്ള തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്.
പൊള്ളയായ വാദം
1, 2010 അവസാനം കംപ്ലീഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അഫ്‌കോൺസ് റെയിൽ വികാസ് നിഗം ലിമിറ്റഡിനെ (ആർ.വി.എൻ.എൽ) സമീപിച്ചെങ്കിലും ലഭിച്ചില്ല. ബണ്ട് നീക്കിയതിന് ശേഷമേ സർട്ടിഫിക്കറ്റ് നൽകൂ എന്നായിരുന്നു ആർ.വി.എൻ.എൽ നിലപാട്.
2, ബണ്ടിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്‌തെന്ന് കാട്ടി അഫ്‌കോൺസ് മാസങ്ങൾക്ക് ശേഷം വീണ്ടും ആർ.വി.എൻ.എല്ലിനെ സമീപിച്ചപ്പോൾ 2011 മാർച്ചിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി. പക്ഷേ പാലം പ്രദേശത്ത് വരുംകാലങ്ങളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിന് ഇരു കൂട്ടർക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നു.
(വല്ലാർപാടം റെയിൽവേ മേൽപാലം പണിയാൻ റെയിൽവേ ചുമതലപ്പെടുത്തിയത് അവരുടെ നിർമ്മാണ ഏജൻസിയായ ആർ.വി.എൻ.എല്ലിനെ ആണ്. ഇവരുടെ ഉപകരാറുകാരാണ് അഫ്‌കോൺസ്)