കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കഴിഞ്ഞ രാത്രികളിൽ ഭീതി പടർത്തിയ പുലിയെ കുടുക്കാൻ കെണി സ്ഥാപിച്ച് വനംവകുപ്പ്. വീരോളി കാർത്ത്യായനി, മാണിക്കൽ കാർത്തിക എന്നിവരുടെ വീടുകളിൽ കഴിഞ്ഞ രാത്രി പുലി എത്തി പട്ടിയേയും കോഴികളെയും കടിച്ചു കൊന്നിരുന്നു. നാട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്നാണ് വനംവകുപ്പിന്റെ അടിയന്തര ഇടപെടൽ. വനത്തിനോട് ചേർന്നുള്ള ജനവാസ മേഖലയിലെ റബ്ബർ തോട്ടത്തിലാണ് പുലിക്ക് വേണ്ടി കെണി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ വനംവകുപ്പ് സംഭവസ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും വനം വകുപ്പിന്റെ പ്രത്യേക സംഘം സംഭവ സ്ഥലങ്ങൾ നിരീക്ഷിക്കുന്നുണ്ട്.