പിറവം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഉത്തരവ് പ്രകാരം രണ്ടു വർഷമായി അടച്ചിട്ടിരുന്ന തിയേറ്ററുകൾ തുറക്കാൻ തീരുമാനമായെങ്കിലും ഉടമകളുടെ പ്രതിസന്ധിക്ക് പരിഹാരം ആകുന്നില്ല. അടച്ചിട്ടിരിക്കുന്ന തിയേറ്ററുകളിൽ ലക്ഷങ്ങളുടെ മുതൽ മുടക്കിയാണ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആളെ കയറ്റിയാൽ ഒരു രീതിയിലും ലാഭത്തിൽ ഈ പ്രസ്ഥാനം നടത്താൻ കഴിയില്ല. ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്താണ് മിക്ക തിയേറ്ററുകളും പ്രവർത്തിക്കുന്നത്. രണ്ടുവർഷം അടച്ചിട്ടതോടെ തിരിച്ചടവ് മുടങ്ങി ഇവയെല്ലാം ജപ്തി നടപടികൾ നേരിടുകയാണ്. ബാങ്കുകൾ തിരിച്ചടവ് കാലാവധി നീട്ടി നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ആവശ്യമായ വസ്തുക്കളും മറ്റും ഈട് നൽകിയാണ് വായ്പ എടുത്തിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കാരണത്താൽ തിരിച്ചടക്കാൻ കഴിയാതെ വന്നിട്ടുള്ള ലോണുകളിൽ ജപ്തി നടപടികൾ നേരിടേണ്ടി വന്നാൽ കുടുംബസമേതം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് തിയറ്റർ ഉടമകൾ പറയുന്നു.

സമൂഹത്തിൽ ഉന്നത നിലവാരത്തിൽ ജീവിക്കുന്നവർ മാനഹാനി നിമിത്തവും സാമ്പത്തിക പ്രതിസന്ധി മൂലവും ജീവിതം അവസാനിപ്പിച്ചാൽ അതിന് സർക്കാരായിരിക്കും ഉത്തരവാദിയെന്ന് ബാങ്കുകളുടെ ജപ്തിനോട്ടീസ് ലഭിച്ച ഉടമകൾ അറിയിച്ചു.

ജപ്തി നടപടികളുമായി ബാങ്ക്

2015-ൽ പണി തുടങ്ങി കോടികൾ മുടക്കി 2017 -ൽ പണിതീർത്ത പിറവത്തെ ഏക സിനിമ തിയേറ്റർ ജപ്തി നടപടി നേരിടുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ ബാങ്ക് ജീവനക്കാർ നോട്ടീസ് പതിക്കുകയും ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. തിങ്കളാഴ്ച സിനിമ പ്രദർശനമാരംഭിക്കും എന്ന പ്രതീക്ഷയിലിരിക്കുന്ന ഉടമകളുടെ മാനസികനില തകർക്കുന്ന പ്രവൃത്തിയാണിതെന്ന് പിറവം ദർശന തീയറ്റർ ഉടമ ബിനോയ്‌ പൗലോസ് പറഞ്ഞു. സംസ്ഥാനത്ത് തിയറ്റർ ഉടമകളുടെ സംഘടന ദുർബലമാണെന്നും അവ നയിക്കുന്നത് കുത്തകകളാണെന്നും പ്രൊഡ്യൂസർമാരും ഡിസ്ട്രിബ്യൂട്ടർ മാരും തിയറ്റർ മേഖല കൈയടക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.