pvs
അഡ്വ പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഴയ എക്സൈസ് ഓഫീസ് കെട്ടിടം സന്ദർശിക്കുന്നു

കോലഞ്ചേരി: ഒരു നൂറ്റാണ്ട് പഴക്കം, മാമല ചൗക്ക ഇതാ ഇവിടെയുണ്ട്. ഇവിടെയാണ് മാമല എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറിയതോ‌ടെ പൈതൃക സ്മാരകമാകേണ്ട കെട്ടിടം നാശത്തിന്റെ വക്കിലാണ്. പുരുതന നിർമ്മിതികൾ നഷ്ടപ്പെടാതെ കെട്ടിടം സംരക്ഷിച്ച് സൂക്ഷിക്കുന്നത് ചരിത്രാന്വേഷകർക്ക് എന്നും മുതൽകൂട്ടായി മാറും. നാശോന്മുഖമായ കെട്ടിടം സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പുമായി ചേർന്ന് നടപട‌ികൾ സ്വീകരിക്കുമെന്ന് അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. പഴയ കൊച്ചിയുടെ പൈതൃകസ്വത്താണ് മാമല ചൗക്ക എന്നറിയപ്പെട്ടിരുന്ന ഇപ്പോൾ എക്സൈസ് ഓഫീസ് അധീനതയിലുള്ള ഈ കെട്ടിടം.

മുമ്പ് മാമല എക്‌സൈസ് റേഞ്ച് ഓഫീസായും ഇപ്പോൾ സ്​റ്റോറായുമാണ് കെട്ടിടം പ്രവർത്തിക്കുന്നത്. എന്നാൽ എക്സൈസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ പരിസരം കാടുകയറി കെട്ടിടം നാശോന്മുഖമായ നിലയിലാണ്. ഒരേക്കർ 39 സെന്റ് സ്ഥലവും എക്‌സൈസ് വകുപ്പിന് ഇതിനോടനുബന്ധിച്ച് ഇവിടെയുണ്ട്. ചരിത്രപരമായും വാസ്തുശില്പ പരമായും പ്രാധാന്യമർഹിക്കുന്ന ഈ കെട്ടിടം സംരക്ഷിക്കണമെന്നത് നിരവധി നാളുകളായി തുടരുന്ന ആവശ്യമാണ്. ഇതേ തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.

ചരിത്രം ഇങ്ങനെ

തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിർത്തിയായിരുന്ന മാമലയിൽ 1908 ൽ കെട്ടിടം പണികഴിപ്പിച്ചതെന്ന് പുരാതന രേഖകളിൽ പറയുന്നത്. രാജ ഭരണകാലത്ത് ഉപ്പും പുകയിലയും മലഞ്ചരക്കും കടത്തുന്നതിന് ചുങ്കം പിരിക്കുന്നതിനായി ദിവാൻ എ.ആർ ബാനർജിയാണ് ചൗക്ക സ്ഥാപിച്ചത്. കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമ തമ്പുരാന്റെ അനുമതിയോടെ ആംഗലേയ ശില്പശൈലിയും കേരളീയ വാസ്തുശൈലിയും ചേർന്നതാണ് കെട്ടിടം. രണ്ടു മുറികളും ഒരു ഹാളുമുള്ള ഈ കെട്ടിടത്തിൽ ഒരു ഖജാനയും ഉണ്ട്. ചുങ്കം പിരിക്കുന്നതിനും ധനം സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഖജാന തനിമയോടെ തന്നെ ഇപ്പോഴും നിലനിൽക്കുന്നു.

കെട്ടിടത്തിന്റെ മുൻവശത്തായി 6 വലിയ തുണകളുമുണ്ട്. വൃത്ത സ്തംഭ മാതൃകയിലാണ് തൂണുകൾ. ചുണ്ണാമ്പും വെട്ടുകല്ലും കൊണ്ടാണ് കെട്ടിടത്തിന്റെ നിർമാണം.