kormala
കോർമല സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കുന്നതിനായി ഉന്നതതല സംഘം കോർമല സംന്ദർശിക്കുന്നു

മൂവാറ്റുപുഴ: കോർമല സംരക്ഷണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഉന്നത തല സംഘം പറഞ്ഞു. കോർമല നിലവിലെ സ്ഥിതിയിൽ സുരക്ഷിതമെന്നും സംഘം അറിയിച്ചു. കോർമല പ്രശ്ന പരിഹാരത്തിനായി മാത്യു കുഴൽനാടൻ എം.എൽ.എ സർക്കാരിൽ നടത്തിയ അടിയന്തര ഇടപെടലിലാണ് സംഘം എത്തിയത്. റവന്യൂ- മൈനിംഗ് ആൻഡ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പ്, വാട്ടർ അതോറിറ്റി, പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കോർമല സന്ദർശിച്ചത്. കോർമല സംരക്ഷണത്തിന് പഠനം ആവശ്യമാണ്. അതിനായി കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയെ കൊണ്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പ്രകൃതിയാലുണ്ടായിരുന്ന സ്വാഭാവിക ചരിവ് മണ്ണെടുത്തത് കൊണ്ട് നഷ്ടപെട്ടതാണ് ഇവിടത്തെ പ്രധാന പ്രശ്നം. കൃഷികൾ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടത്തരുതെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി. മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് , ജിയോളജിസ്റ്റ് സി.എസ്. മഞ്ചു, ജില്ല മണ്ണ് സംരക്ഷണ ഓഫീസർ എസ്. മഞ്ചു, എ. ഇ. മിനി പി.തമ്പി , ഡപ്യൂട്ടി കളക്ടർ (ആർ. ആർ) എൻ.എസ്.ബിന്ദു, തഹസീൽദാർ കെ.എസ്.സതീശൻ , എസ്.ഐ. വി.കെ.ശശികുമാർ, വില്ലേജ് ഓഫീസർ എം.പി.സന്തോഷ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.