നെടുമ്പാശേരി: തർക്കത്തെ തുടർന്ന് രണ്ട് വട്ടം നിർത്തിച്ച വച്ച സി.പി.എം നെടുമ്പാശേരി ലോക്കൽ സമ്മേളനം പൂർത്തിയായി. സെക്രട്ടറിയായി പി.സി. സോമശേഖരനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മത്സരം പാടില്ലെന്ന പാർട്ടി നിർദ്ദേശവും ഇവിടെ നടപ്പായില്ല.
കഴിഞ്ഞ പത്തിന് ആദ്യം ചേർന്ന സമ്മേളനം പുതിയ കമ്മിറ്റിയുടെ പാനൽ പോലും തയ്യാറാക്കാനാകാതെ പിരിഞ്ഞു.15ന് വീണ്ടും ചേർന്നപ്പോൾ ഔദ്യോഗിക പാനലിനെതിരെ നാല് പേർ മത്സരിച്ചതോടെ പിന്നെയും മുടങ്ങി. 15 അംഗ കമ്മിറ്റി 13 ആക്കാൻ നാല് പേരെ ഒഴിവാക്കി രണ്ട് പേരെ കൂട്ടിച്ചേർത്തു. മത്സരം ഒഴിവാക്കണമെന്ന നിർദ്ദേശം തള്ളിയതോടെ ജില്ലാ നിരീക്ഷകൻ സമ്മേളനം പിരിച്ച് വിടുകയായിരുന്നു. ഇന്നലെ വീണ്ടും ചേർന്നപ്പോൾ ലോക്കൽ കമ്മിറ്റിയുടെ അംഗബലം 12ആക്കി വീണ്ടും ചുരുക്കി. നിലവിലുള്ള കമ്മിറ്റിയിലുണ്ടായിരുന്ന സനീഷ് കുമാറിനെയാണ് ഒഴിവാക്കിയത്. സനീഷ് സെക്രട്ടറിയായ ബ്രാഞ്ചിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നതിനാൽ സമ്മേളനം പൂർത്തീകരിച്ചിരുന്നില്ല. അതിന്റെ പേരിലാണ് സനീഷിനെ ഒഴിവാക്കിയത്. ബ്രാഞ്ചിൽ സനീഷിനെ ഭൂരിപക്ഷം പിന്തുണച്ചിട്ടും മത്സരത്തിന്റെ പേരിൽ സമ്മേളനം പിരിച്ചുവിട്ടവർ ലോക്കൽ കമ്മിറ്റിയിലേക്ക് സെക്രട്ടറിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തുവെന്നതാണ് വിചിത്രം.
ഭാഗ്യം തുണച്ച പി.സി. സോമശേഖരനെതിരെ സി.എ. ശിവനാണ് മത്സരിച്ചത്. ഇരുവർക്കും ആറ് വോട്ടുകൾ വീതം ലഭിച്ചതിനെ തുടർന്ന് സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിയുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. സണ്ണിപ്പോൾ, എം.കെ.പൗലോസ്, സി.എ.ശിവൻ, പി.സി.സോമശേഖരൻ, എ.വി.സുനിൽ, എ.എസ്. സുരേഷ്, ലീന അച്ചു, ജിജോ ആന്റണി, ശ്രീജ ശശി, എൻ.ബി. ബാബു, പി.എസ്. സുനീഷ്, പി.കെ. അജി എന്നിവരാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നും നാളെയും കുറുമശേരി എസ്.എൻ.ഡി.പി ഹാളിലാണ് ഏരിയ പ്രതിനിധി സമ്മേളനം.