കോതമംഗലം: കയറിൽ ജീവൻ വച്ച് പന്താടുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപ്പാറ തുടങ്ങിയ ആദിവാസി ഊരിലെ ജനത. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. അതിൽ തന്നെ 3000ത്തോളം പേർ അധിവസിക്കുന്ന ഈ മേഖലയിലേക്ക് പൂയംകുട്ടിയിൽ നിന്ന് പ്രവേശിക്കണമെങ്കിൽ പൂയംകുട്ടി പുഴയിലെ ബ്ലാവന കടത്തു കടക്കണം. മഴ കാരണം പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നാൽ പിന്നെ പൂയംകുട്ടിയിൽ നിന്ന് അക്കരക്കോ അവിടെ നിന്ന് ഇക്കരക്കോ കടക്കാൻ സാധിക്കാതെ അവസ്ഥയാണ്.
ആറോളം കുടികളിലായി താമസിക്കുന്ന കാടിന്റെ മക്കളുടെ ദുരിത ജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ് മാറി മാറി ഭരിച്ച സർക്കാരുകൾ. ഉരുൾ പൊട്ടാലോ, ആശുപത്രി അവശ്യങ്ങളോ വരുമ്പോൾ പുഴ കടക്കൽ ദുഷ്‌കരമാണ്.
പുഴക്ക് കുറുകെ കയർ കെട്ടിയിരിക്കുകയാണ് പഞ്ചായത്ത്. ആദിവാസി കുടികളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ കുടികളിലേയ്ക്ക് രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിപെടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.പുഴയിൽ വെള്ളം കൂടിയാലും വടത്തിൽ കപ്പി വലിച്ചു എത്തിപ്പെടാനുള്ള മുന്നൊരുക്കമാണിത്.
കാന്തി വെള്ളക്കയൻ, പഞ്ചായത്ത് പ്രസിഡന്റ്