കൊച്ചി: ജൂതലക്ഷങ്ങളുടെ കണ്ണീരും രക്തവും വാർന്ന നാസി കൊലക്കളങ്ങളുടെ ഫോട്ടോ പ്രദർശനം കാണി​കളി​ൽ നൊമ്പരങ്ങൾ ഉണർത്തുന്നു. പാലക്കാട്ടുകാരനായ സുധീഷ് എഴുവത്ത് ജർമ്മനി​യി​ലെ നാസി​ തടങ്കൽ പാളയങ്ങളി​ൽ നേരി​ട്ടുചെന്ന് കാമറയി​ൽപകർത്തി​യതാണ് ചി​ത്രങ്ങൾ. ദർബാർഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന 74 ഫോട്ടോകളുടെ പ്രദർശനം നി​രവധി​ പേരെ ആകർഷിക്കുന്നുണ്ട്.

ജർമ്മനി​യി​ലെ ഓഷ്‌വിറ്റ്സ്-ബി‌ക്കെനൗ സന്ദർശന സമയത്ത് പകർത്തിയ ചിത്രങ്ങളാണിവ. ഇവിടുത്തെ ശുചിമുറികൾ, ഛായാചിത്രങ്ങൾ തുടങ്ങി ഭീതിദമായ ചൂള വരെ എത്തി നിൽക്കുന്ന ചിത്രങ്ങളി​ൽ പ്രതി​ഫലി​ക്കുന്നത് ഏറെയും മരണത്തിന്റെ മ്ലാനതയാണ്.

മരണത്തിലും ആലിംഗനബദ്ധരായി തുടർന്ന 100 കണക്കിന് കുടുംബങ്ങളുടെ ശ്വാസം നി​ലച്ച ഗ്യാസ് ചേംബർ, നിരവധി ആളുകൾ ഞെരിഞ്ഞമർന്ന ജയിലുകൾ, മൈനസ് 25 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ മണിക്കൂറുകളോളം നഗ്നരായി നിറുത്തി തൂക്കിക്കൊല്ലാനുപയോഗിച്ച കഴുമരം തുടങ്ങിയവയാണ് ചിത്രങ്ങൾ. 2018 മേയിലാണ് സുധീഷ് ഇവിടം സന്ദർശിച്ചത്. ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനായ പാലക്കാട് ചിറ്റൂർ‌ സ്വദേശിയായ സുധീഷ് എഴുവത്തൂർ നിരവധി ഫോട്ടോപ്രദർശനങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒറ്റയ്ക്ക് പ്രദർശനം നടത്തുന്നത്. 29ന് അവസാനിക്കും.