മൂവാറ്റുപുഴ: ഒഴുക്കിൽപെട്ട യുവാവിനെ നാട്ടുകാർ രക്ഷപെടുത്തി. തൊടുപുഴയാറ്റിലെ മൂവാറ്റുപുഴ ലതാകടവിൽ ഇന്നലെ മൂന്നോടെയാണ് സംഭവം. കീഴില്ലം ചിറങ്ങര പുത്തൻപുരയിൽ അരുണാണ് (32) ഒഴുക്കിൽപെട്ടത്. പണികഴിഞ്ഞ് ലതാകടവിൽ കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്. പുഴയോര നടപ്പാതയിൽ ചൂണ്ടയിട്ടിരുന്നവർ സംഭവംകണ്ട് ബഹളം വച്ചതോടെ പാലത്തിലൂടെ പോകുകയായിരുന്ന രണ്ടുപേർ പുഴയിലേക്ക് ചാടി ഇയാളെ രക്ഷപെടുത്തുകയായിരുന്നു. നീന്തൽ അറിയാത്ത അരുൺ ഇതിനിടെ പുഴയിലേക്ക് ചാഞ്ഞുകിടന്ന കാട്ടുവള്ളിയിൽ പിടിച്ചുകിടന്നത് രക്ഷയായി.