kaumudi
സെപ്തംബർ 26ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

ആലുവ: കൗൺസിൽ അനുമതിയില്ലാതെ ആലുവ മാർക്കറ്റ് കെട്ടിടത്തിന്റെ രൂപരേഖ മാറ്റുന്നതിന് സ്വകാര്യ സ്ഥാപനത്തിന് കരാർ നൽകുന്നത് വിവാദമായതിനെ തുടർന്ന് ഉപേക്ഷിച്ച നഗരസഭ വീണ്ടും പദ്ധതി പൊടിതട്ടിയെടുക്കുന്നു. നേരത്തെ നഗരസഭ ചെയർമാൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയകളിൽ വൈറലായതാണ് വീണ്ടും പദ്ധതി ചർച്ചയാകാൻ കാരണം.

കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലേക്ക് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർബാബു, ട്രഷറർ ജോണി മൂത്തേടൻ എന്നിവരെ കൂടി ക്ഷണിച്ചിരുന്നു. രൂപരേഖ തയ്യാറാക്കുന്നതിനായി സ്വകാര്യ സ്ഥാപനത്തിന് ചുമതല നൽകുന്ന കരാർ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. ഇതനുസരിച്ച് കരാറിന്റെ പകർപ്പ് പരിശോധിക്കുന്നതിനായി വ്യാപാരികൾക്ക് നൽകി. കൗൺസിലിലോ കോൺഗ്രസ് കൗൺസിലർമാർക്കോ കരാറിന്റെ പകർപ്പ് പരിശോധനക്ക് നൽകാതെ വ്യാപാരി സംഘടനകൾക്ക് മാത്രം നൽകിയതിൽ ഒരു വിഭാഗം കൗൺസിലർമാർക്ക് പ്രതിഷേധമുണ്ട്.

കഴിഞ്ഞ മാസം 25ന് നിശ്ചയിച്ചിരുന്ന എം.ഒ.യു കൈമാറൽ ചടങ്ങ് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് അവസാന നിമിഷമാണ് റദ്ദാക്കിയത്. കൗൺസിൽ തീരുമാനമില്ലാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം സെക്രട്ടറിക്ക് രേഖാമൂലം കത്തും നൽകിയതാണ് കാരണം. നിർദ്ദിഷ്ട കെട്ടിടത്തിന്റെ രൂപരേഖ ഏഴുവർഷം മുമ്പ് കൗൺസിൽ അംഗീകരിച്ചതാണെന്നും മാറ്റം വരുത്തണമെങ്കിൽ കൗൺസിലിന്റെ അംഗീകാരം വേണമെന്നും നടപടിക്രമങ്ങൾ പാലിക്കാതെ സമ്മതപത്രം കൈമാറുന്നതിനെയാണ് എതിർത്തതെന്നും എൽ.ഡി.എഫും വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയും സമാനമായ നിലപാട് സ്വീകരിച്ചത്.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പമെന്റ് കോർപ്പറേഷൻ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതിയ രൂപരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. നേരത്തെ സമീപിച്ച കേരള അർബൻ റൂറൽ ഡെവലപ്‌മെന്റ് ഫൈനാൻസ് കോർപ്പറേഷനും കിഫ്ബിയും അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് വ്യാപാരികൾ

മാർക്കറ്റ് സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും മാന്യമായി കച്ചവടം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പുനർനിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചതിനെ അഭിനന്ദിക്കുന്നു. വ്യാപാരികളുടെ പൂർണപിന്തുണയും വാഗ്ദാനം ചെയ്തു. പ്രസിഡന്റ് ഇ.എം. നസീർ ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ജോണി മൂത്തേടൻ, കെ.സി.ബാബു, എം.പത്മനാഭൻ നായർ, ലത്തീഫ് പുഴിത്തറ, പി.എം. മൂസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.