കൊച്ചി: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനെ മർദ്ദിച്ച സംഭവത്തിൽ കൊല്ലം തെന്മല പൊലീസ് സ്റ്റേഷനിലെ സി.ഐ വിശ്വംഭരനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തെന്നും എസ്.ഐ ശാലുവിന് താക്കീത് നൽകിയെന്നും എ.ഡി.ജി.പി വിജയ് സാഖറെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ തനിക്ക് മർദ്ദനമേറ്റെന്ന് പരാതി നൽകിയിട്ടും നടപടിയില്ലെന്നാരോപിച്ച് ഉറുകുന്ന് രജനി വിലാസത്തിൽ രാജീവ് നൽകിയ ഹർജിയിലാണ് ഡി.ജി.പിക്കുവേണ്ടി എ.ഡി.ജി.പി സത്യവാങ്മൂലം സമർപ്പിച്ചത്.
ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. ബന്ധുവായ ശിവാനന്ദൻ ഫോണിൽവിളിച്ച് അസഭ്യം പറഞ്ഞെന്നാരോപിച്ച് പരാതി നൽകാനാണ് രാത്രി ഒമ്പതരയോടെ രാജീവ് സ്റ്റേഷനിലെത്തിയത്. പരാതിക്ക് രസീത് ആവശ്യപ്പെട്ടതിന് തന്നെ സി.ഐ വിശ്വംഭരൻ ചൂരലിന് അടിച്ചെന്നും വിലങ്ങിട്ട് തടഞ്ഞുവച്ചെന്നുമാണ് രാജീവിന്റെ പരാതി. പിന്നീട് രാജീവിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. തൊട്ടടുത്തദിവസം ചികിത്സതേടി ആശുപത്രിയിൽ നിൽക്കുമ്പോൾ തെന്മല എസ്.ഐ ശാലുവിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റുചെയ്തെന്നും രാജീവ് ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി അന്വേഷണം നടത്തി സംഭവം സ്ഥിരീകരിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയില്ലെന്നായിരുന്നു രാജീവിന്റെ വാദം. തുടർന്നാണ് ഹൈക്കോടതി ഡി.ജി.പിയുടെ വിശദീകരണം തേടിയത്.
രാത്രിയിൽ നൽകിയ പരാതിക്ക് രാജീവ് രസീത് ആവശ്യപ്പെട്ടപ്പോൾ അടുത്തദിവസം നൽകാമെന്ന് സി.ഐ പറഞ്ഞത് വാക്കു തർക്കത്തിനിടയാക്കിയെന്നും ഇതു രാജീവ് രഹസ്യമായി മൊബൈലിൽ പകർത്തിയത് കണ്ടപ്പോൾ മുറിയുടെ മൂലയിലേക്ക് തള്ളിമാറ്റുകയാണുണ്ടായതെന്നും എ.ഡി.ജി.പിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. രസീത് അപ്പോൾ നൽകിയിരുന്നെങ്കിൽ പ്രശ്നമുണ്ടാകുമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം അതിരുകടന്നതായിരുന്നെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. തുടർന്ന് സി.ഐ വിശ്വംഭരനെ കുറത്തികാട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നുകണ്ട് ഒക്ടോബർ ആറിന് സസ്പെൻഡ് ചെയ്തെന്നും എസ്.ഐ ശാലുവിന് താക്കീത് നൽകിയെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതി ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.