oda
ഓടക്കാലി ഗവ. ഹൈസ്‌കൂൾ വികസനത്തിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചർച്ച നടത്തുന്നു

പെരുമ്പാവൂർ: പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകാൻ കഴിയുന്ന ഓടക്കാലി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഓടക്കാലി സ്‌കൂളിലെ ശോചനീയാവസ്ഥ നേരിൽ കാണുന്നതിനും സ്‌കൂളിലെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും സ്‌കൂൾ സന്ദർശിച്ച എം.എൽ.എ സ്‌കൂളിന്റെ വികസനത്തിന് എല്ലാ പിന്തുണയും വാഗ്ദാനംചെയ്തു. സ്‌കൂളിന്റെ ഉപയോഗ ശൂന്യമായ പഴയ കെട്ടിടം പൊളിച്ചുമാറ്റി ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള ക്ലാസ് മുറികൾ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്നും അതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എം.എൽ.എ ഉത്തരവാദിത്വപ്പെട്ടവരെ ചുമതലപ്പെടുത്തി.

നിലവിലുള്ള കെട്ടിടത്തിന്റെ പലഭാഗത്തും ഉണ്ടാകുന്ന ചോർച്ചയും മറ്റും പരിഹരിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസുമായി എം.എൽ.എ സംസാരിക്കുകയും അടിയന്തരസഹായം അനുവദിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാഗ്ദാനം നൽകി. പ്രിൻസിപ്പൽ വി. രതീഷ്, പ്രധാനാദ്ധ്യാപിക ആലീസ് ജോൺ, സ്റ്റാഫ് സെക്രട്ടറി കെ. സുരേഷ്, സീനിയർ അസിസ്റ്റന്റ് വി.എ.അജിത, ബിനോയ് ചെമ്പകശേരി, എം.എം.ഷൗക്കത്തലി, സി.വി. പ്രതീഷ്, സന്തോഷ് ഉദയ, സ്‌കൂൾ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.