കൊച്ചി: തമ്മനം– പുല്ലേപ്പടി റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുത്തഭൂമി പൊതുമരാമത്തിന് കൈമാറുന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും ഇക്കാര്യത്തിൽ തന്റെഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടർ ഹൈക്കോടതിയിൽ അറിയിച്ചു. റോഡ് നിർമ്മാണം ഒരുവർഷത്തിനകം പൂർത്തിയാക്കണമെന്ന 2019 മേയ് 22 ലെ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് ഡോ. പ്രിയരഞ്ജിനി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കളക്ടർ ഇക്കാര്യം വിശദീകരിച്ചത്.
ഭൂമി കൈമാറാനുള്ള കരടുവിജ്ഞാപനം കോർപ്പറേഷൻ സെക്രട്ടറി സർക്കാരിന് നൽകി. പദ്ധതിക്ക് ഇനി വേണ്ടിവരുന്ന ഭൂമി ഏറ്റെടുക്കാൻ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പൊതുമരാമത്ത് വകുപ്പാണ് നടപടി എടുക്കേണ്ടത്. റോഡിനുവേണ്ടി ജൂത സെമിത്തേരിയുടെ ഒരുഭാഗം ഏറ്റെടുക്കുന്നതിൽ എതിർപ്പ് വന്നതോടെ സ്ഥലപരിശോധന നടത്തി. കതൃക്കടവ് ജംഗ്ഷൻ മുതൽ പുല്ലേപ്പടി റെയിൽവേ മേൽപ്പാലംവരെ ഫ്ലൈഓവർ നിർമ്മിക്കേണ്ടി വരും. ഭൂമി സർക്കാരിന് കൈമാറാനുള്ള കരടുവിജ്ഞാപനം തയ്യാറാക്കാൻ കൈവശത്തിലെടുത്ത ഭൂമിയുടെ അതിർത്തി റവന്യൂ ഉദ്യോഗസ്ഥർ അളന്നുതിട്ടപ്പെടുത്തി നഗരസഭക്ക് വിവരങ്ങൾ കൈമാറിയിരുന്നെന്നും കളക്ടർ വിശദീകരിച്ചു.