cpm
കീഴ്മാട് മണിശേരി വർഗീസിന് സി.പി.എം കീഴ്മാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കൈമാറുന്നു.

ആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫീസിന് സമീപം മണിശേരി വർഗീസും കുടുംബവും ഇനി സി.പി.എം നിർമ്മിച്ച് കൈമാറിയ കനിവിന്റെ ഭവനത്തിൽ താമസിക്കും. കീഴ്മാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നിർവഹിച്ചു. ഏഴുലക്ഷം ചെലവഴിച്ച് 600 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചത്.

40 കൊല്ലം ആലുവ കെ.എസ്.ആർ.ടി.സി കാന്റീൻ തൊഴിലാളിയായിരുന്ന വർഗീസും ഭാര്യയും മൂന്നു പെൺമക്കളും മകനും അടങ്ങുന്ന കുടുംബം താത്കാലികമായി നിർമ്മിച്ച ഷെഢിലാണ് കഴിഞ്ഞിരുന്നത്. പഴകിയ വീട് നിലം പൊത്തുന്ന അവസ്ഥയിലായതിനെത്തുടർന്ന് സമീപത്തുതന്നെ ഷെഡ് നിർമ്മിച്ച് താമസം മാറി. സി.പി.എം പ്രവർത്തകർ കൊവിഡ് പ്രതിസന്ധി അതിജീവിച്ചാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സി.പി.എം കാമ്പയിന്റെ ഭാഗമായി നിർമ്മിച്ച 123ാമത് വീടാണിത്. ലോക്കൽ സെക്രട്ടറി കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റിഅംഗം വി. സലിം, ഒ.വി. ദേവസി, കെ.എ. ബഷീർ, എം.ജെ. ടോമി, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു എന്നിവർ സംസാരിച്ചു.