കൊച്ചി: കാക്കനാട് ലഹരിക്കേസിൽ നെട്ടൂർ ലോഡ്ജ് കേന്ദ്രീകരിച്ച് അന്വേഷണം. ഒടുവിൽ അറസ്റ്റിലായ
തൃശൂർ മുകുന്ദപുരം സ്വദേശി തേവർപറമ്പിൽ ടി.എസ്. സനീഷ് (24) ലഹരിവസ്തുക്കൾ വിറ്റത് നെട്ടൂരിലെ ലോഡ്ജിൽ വച്ചായിരുന്നുവെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് പറയുന്നു. ലോഡ്ജിലെ ജീവനക്കാരനായ സനീഷ് മുറികൾ ആപ്പുവഴി വാടകയ്ക്ക് നൽകാറുണ്ട്. മുറിയെടുക്കുന്നവർക്ക് ലഹരിമരുന്ന് ഇയാൾതന്നെ നൽകുമായിരുന്നു. ലഹരിമരുന്ന് ആവശ്യമുള്ളവർ ആപ്പുവഴി മുറി ബുക്കുചെയ്ത് ലഹരി ഉപയോഗിച്ച് മടങ്ങുകയാണ് ചെയ്തിരുന്നത്. കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി മുതലായ മയക്കുമരുന്നുകളാണ് ഇയാൾ കൈകാര്യം ചെയ്യാറ്. വാട്‌സാപ്പ് വഴിയായിരുന്നു ആശയവിനിമയം.
ഇയാളുടെ മൊബൈലിൽനിന്ന് മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള നിരവധി വാട്‌സാപ്പ് ചാറ്റിന്റെ വിവരങ്ങൾ എക്‌സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. മൊബൈൽനമ്പർ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇയാൾ ലക്ഷങ്ങൾ അയച്ചിട്ടുണ്ട്. ഇത് മയക്കുമരുന്ന് ആവശ്യപ്പെട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. നെട്ടൂരിലെ ലോഡ്ജിൽ ഇന്നലെ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.