ആലുവ: എടത്തല പഞ്ചായത്തിലെ കുഴിവേലിപ്പടി മേഖലയിൽ 18 ദിവസമായി തുടരുന്ന കുടിവെള്ള പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നടുറേഡിൽ ബക്കറ്റ് നിരത്തി പ്രതിഷേധ ധർണയുമായി കോൺഗ്രസ്.
10,11,14,15 വാർഡുകളിലെ മെമ്പർമാരെ വിവരം അറിയിച്ചിട്ടും ഇടപെടാത്ത സാഹചര്യത്തിലായിരുന്നു വേറിട്ട പ്രതിഷേധം. ബക്കറ്റ് പുറത്ത് വച്ചാൽ മഴവെള്ളം കിട്ടുമെന്നും അതുപയോഗിച്ചാൽ മതിയെന്നുമുള്ള സി.പി.എം പ്രവർത്തകരുടെ ആക്ഷേപത്തെ തുടർന്നാണ് വേറിട്ട സമരം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ ഉദ്ഘാടനം ചെയ്തു.
വി.എ. അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. പി.കെ.എൽദോസ്, സി.എം. സിയാദ്, കെ.എം. അന്തറായി, ബിജി വർഗ്ഗീസ്, എ.എം.റാഫി, കെ.ഐ. ലത്തീഫ്, പി.ഐ. ബഷീർ, ഷഫീഖ് മുഹമ്മദ്, കെ.എ. അനസ്, ഫായിസ് ജബ്ബാർ, മുഹമ്മദാലി പുന്നക്കാടൻ, അബു സിക്‌സർ തുടങ്ങിയവർ പ്രസംഗിച്ചു.