1
തഹസിൽദാർ രഞ്ജിത്ത് ജോർജ്,കാക്കനാട് വില്ലേജ് ഓഫീസർ സുനിൽ ,ർഡ് കൗൺസിലർ എം.ജെ ഡിക്സൻ,കെ.ബി ദാസൻ,എന്നിവർ

തൃക്കാക്കര: പുനരധിവാസ ക്യാമ്പ് പിരിച്ച് വിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കുടുംബങ്ങൾ രംഗത്തെത്തി. പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന തങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് കാക്കനാട് അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾ ക്യാമ്പ് വിട്ടുപോകാതെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഇവരുടെ ക്യാമ്പ് പിരിച്ചുവിട്ട് കളക്ടറുടെ ഉത്തരവ് വന്നത്. വാർഡ് കൗൺസിലർ എം.ജെ ഡിക്സൻ, കെ.ബി ദാസൻ, സജീർ, വീട്ടമ്മമാരായ മഞ്ജു, ഫ്ലോറി സേവ്യർ, മിനി, മുംതാസ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തഹസിൽദാർ രഞ്ജിത്ത് ജോർജ്, കാക്കനാട് വില്ലേജ് ഓഫീസർ സുനിൽ എന്നിവർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും വീട്ടമ്മമ്മാർ പുനരധിവാസത്തിന്റെ കാര്യത്തിൽ തീരുമാനമാവാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന ഉറച്ച നിലപാടെടുത്തതോടെ ക്യാമ്പ് പിരിച്ചുവിടാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിൻവാങ്ങി. ഈ കുടുംബങ്ങളുടെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. ഇന്ന് രാവിലെ 10ന് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ഈ കുടുംബങ്ങൾ കഴിയുന്ന ക്യാമ്പിലെത്തി ചർച്ച ചെയ്യും.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മണ്ണിടിച്ചിൽ ഭീതിയെ തുടർന്ന് ജില്ലാ കളക്ടർ ഈ കുടുംബങ്ങളെ കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി, കൗൺസിലർമാരായ ഷാജി വാഴക്കാല, ലാലി ജോഫിൻ തുടങ്ങിയവരും ക്യാമ്പിലെത്തിയിരുന്നു.