കൊച്ചി: അഞ്ചുവർഷത്തിനുശേഷം സ്നേഹക്കൂടിന്റെ ബർലിനച്ഛൻ അന്ധതയുടെ മറയിൽനിന്ന് പുറത്തേക്ക് വരുന്നു. തിമിരംമൂലം കണ്ണുകളെ ബാധിച്ച ഇരുട്ടിനെ മായ്ക്കാൻ സന്തോഷ് ബർലിൻ എന്ന അമ്പത്തിനാലുകാരന് കോട്ടയത്തെ അഭയകേന്ദ്രമായ സ്നേഹക്കൂടിന്റെ തണൽവേണ്ടിവന്നു. രണ്ടുദിവസം മുമ്പായിരുന്നു കോട്ടയം ജില്ലാ ആശുപത്രിയിൽ വലതുകണ്ണിന് ശസ്ത്രക്രിയ. കണ്ണിന്റെ കെട്ട് ഇന്നലെ അഴിച്ചു. മങ്ങിയ പ്രകാശത്തിൽ സന്തോഷ് കാഴ്ചകൾ കണ്ടുതുടങ്ങുകയാണിപ്പോൾ.
എട്ടുമാസം മുമ്പാണ് കോട്ടയം ബേക്കർ ജംഗ്ഷനിൽ സ്നേഹക്കൂട് നടത്തുന്ന നിഷയ്ക്കും അനുരാജിനും കോട്ടയം ജില്ലാ ആശുപത്രി പരിസരത്തുനിന്നാണ് സന്തോഷ് ബർലിനെ ലഭിക്കുന്നത്. രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഫോർട്ടുകൊച്ചി സ്വദേശിയായ സന്തോഷിനെ നിഷ ഏറ്റെടുത്തു. കാഴ്ച വീണ്ടെടുക്കാൻ ചികിത്സ ആരംഭിച്ചു. ഇടയ്ക്ക് ടി.ബി ബാധിച്ചതിനാൽ ശസ്ത്രക്രിയ വൈകി.
സന്തോഷിനെ അച്ഛനെന്നാണ് നിഷയും മറ്റ് അന്തേവാസികളും വിളിക്കുന്നത്. തന്നെ ഭാര്യയും മക്കളും ഉപേക്ഷിച്ചതാണെന്ന് സന്തോഷ് ബെർലിൻ പറയുന്നു. കൂലിപ്പണിയായിരുന്നു. മക്കൾക്ക് നല്ല ജോലി കിട്ടിയപ്പോൾ എന്നെ വേണ്ടാതായി. തിമിരത്തിന് ചികിത്സിക്കാൻപോലും തയാറായില്ല. വീട്ടിൽ പോകാൻ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് സ്നേഹക്കൂടിലെ മാഡം തീരുമാനിക്കുംപോലെ എന്നാണ് മറുപടി.
കാഴ്ചയുടെ പുതുലോകത്തേക്ക് തിരിച്ചെത്തിയ സന്തോഷം സന്തോഷിന് പറഞ്ഞറിയിക്കാനാവുന്നില്ല. ആരോരുമില്ലാതെ ഫോർട്ടുകൊച്ചി ബോട്ടുജെട്ടിയിൽ കിടന്ന സന്തോഷിനെ ചിലർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. 28ന് ബെർലിന്റെ ഇടതുകണ്ണിന്റെ ശസ്ത്രക്രിയ നടത്തും.
കാഴ്ച തിരികെ ലഭിക്കുന്ന വാർത്ത അറിഞ്ഞ് ബന്ധുക്കൾ തങ്ങളുടെ അച്ഛനെ തിരികെ കൊണ്ടുപോകും എന്ന വിശ്വാസത്തിലാണ് നിഷയും സഹപ്രവർത്തകരും.
സമൂഹ മാദ്ധ്യമങ്ങൾവഴി ബെർലിനച്ഛനെക്കുറിച്ച് നിരവധി കുറിപ്പുകൾ പങ്കുവച്ചിരുന്നു. ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നെങ്കിലും ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.
നിഷ, സ്നേഹക്കൂട്.