കൊച്ചി: അഞ്ചു മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ മറൈൻഡ്രൈവിലെ കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ കൗൺസിൽ വോട്ടിനിട്ട് പാസാക്കി. നിർമാണത്തിന് സർക്കാർ 24.71 കോടിയുടെ സാമ്പത്തികാനുമതി മാത്രം നൽകിയിരിക്കെ പണി പൂർത്തീകരിക്കാൻ 40 കോടി രൂപ വേണ്ടിവരുമെന്ന മേയറുടെ വാദത്തെ പ്രതിപക്ഷം എതിർത്തു. നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി യു.ഡി.എഫ് കൗൺസിലർമാരെ വന്ന് കാണണമോയെന്ന്' എൽ.ഡി.എഫ് അംഗം പി.എസ്. വിജുവിന്റെ പരാമർശമാണ് രംഗം വഷളാക്കിയത്.
പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ തടസ്സപ്പെടുത്തി. ബഹളം തുടരുന്നതിനിടെ യു.ഡി.എഫ് കൗൺസിലർ മനു ജേക്കബ് മേയറുടെ മേശപ്പുറത്ത് കൈകൊണ്ട് അടിച്ചതോടെ മേയർ എം. അനിൽകുമാർ ക്ഷുഭിതനായി. 'കൈചൂണ്ടി പേടിപ്പിക്കരുതെന്നും മേശപ്പുറത്ത് അടിക്കരുതെന്നും' മേയർ പറഞ്ഞതോടെ രൂക്ഷമായ വാക്കുതർക്കമായി. മേയർക്ക് പിന്നിൽ ഭരണപക്ഷ കൗൺസിലർമാരും നിരന്നു.
അഴിമതിയില്ലെന്ന് മേയർ
72 കൗൺസിലർമാരിൽ ആരും കെട്ടിടം നിർമ്മാണ കരാർ ലഭിച്ച ബ്ലൂബോക്‌സ് കമ്പനിയോട് പണം വാങ്ങിയിട്ടില്ലെന്നും യു.ഡി.എഫിന്റെ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയിൽ തനിക്ക് വിശ്വാസമുണ്ടെന്നും മേയർ വിശദീകരണം നൽകിയതോടെയാണ് ബഹളം ശമിച്ചത്.
കെട്ടിടത്തിന്റെ ഓരോ പണിയും രണ്ട് കോടി രൂപയിൽ താഴെ എസ്റ്റിമേറ്റിൽ ഒതുക്കി ഫയലാക്കിയത് സംസ്ഥാന സർക്കാറിൽ നിന്ന് ഭരണാനുമതി നേടിയെടുക്കണമെന്ന കടമ്പ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ ആരോപിച്ചു. ഫ്ളോറിംഗ്, ലിഫ്റ്റ്, ഫയർ എക്‌സിക്യുചർ തുടങ്ങിയവയെല്ലാം ഒരേ നിർമ്മാണ കമ്പനി വ്യത്യസ്ത ഫയലാക്കി മാറ്റി. ഈ ഇടപാടിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടിട നിർമാണവുമായി മുന്നോട്ടുപോകുമെന്നും യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിച്ച പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. എന്നാൽ അജണ്ടകൾ മാറ്റിവയ്ക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നതോടെ വോട്ടിനിടാമെന്ന് മേയർ അറിയിച്ചു. വോട്ടിംഗിൽ യു.ഡി.എഫിന്റെ 24ന് എതിരെ 36 വോട്ടുകൾക്ക് എല്ലാ അജണ്ടകളും പാസാക്കി കൗൺസിൽ പിരിഞ്ഞു.