satheesan

കളമശേരി: റാഫി സംവിധാനം ചെയ്യുന്നു ദിലീപ് നായകനായ 'വോയ്സ് ഒഫ് സത്യനാഥ'നിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റ് തൃപ്പൂണിത്തുറ ഇരുമ്പനം പാറക്കടവിൽ വീട്ടിൽ പി.ആർ. സതീശൻ (63) കുഴഞ്ഞുവീണു മരി​ച്ചു. ഏലൂർ ഫാക്ട് സെൻട്രൽ യു.പി സ്കൂളി​ൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
കുഴഞ്ഞുവീണ സതീശനെ ഉടനെ മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവി​ടെ നടത്തി​യ ടെസ്റ്റി​ൽ കൊവിഡ് പോസിറ്റീവാണെന്നും തെളിഞ്ഞു.

അസ്വസ്ഥനായാണ് ലൊക്കേഷനിൽ സതീശൻ എത്തിയതെന്ന് സഹപ്രവർത്തകനായ സജീവൻ പറഞ്ഞു. ഇരുവരും കോസ്റ്റ്യൂം റൂമിലിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. കൂടുതൽ അവശനായപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. ഷൂട്ടിംഗ് നിർത്തിവെച്ചു. സി​നി​മയി​ൽ റോളുണ്ടെങ്കി​ലും ഇതുവരെ അഭി​നയി​ച്ചി​രുന്നി​ല്ല.

റി​ട്ട. കെ.എസ്.ആർ.ടി​.സി​ ജീവനക്കാരനാണ് സതീശൻ. ഭാര്യ: ഓമന. മക്കൾ: വൈശാഖ് (കേരള പൊലീസ് ), അക്ഷയ്. മരുമക്കൾ: മൃദുല ,അമിത.