ആന മാത്രമല്ല പുള്ളി മാൻ, മയിൽ, പന്നി, മലയണ്ണാൻ, കുരങ്ങ് തുടങ്ങി വന്യജീവികളുടെ വൻപടയാണ് കുട്ടമ്പുഴയിലെ കാർഷികമേഖലയിൽ ദുരിതം വിതച്ച് കടന്നുപോകുന്നത്. മനുഷ്യരേക്കാൾ മുന്തിയ പരിഗണനയുള്ള വിഭാഗമായതുകൊണ്ട് ഇവറ്റകൾക്ക് ഒന്നിനേയും ഭയവുമില്ല. കുട്ടമ്പുഴയ്ക്ക് പുറമെ ജില്ലയിലെ കോട്ടപ്പടി, കവളങ്ങാട്, പിണ്ടിമന, മാലിപ്പാറ, വേട്ടാമ്പാറ, ഇല്ലിത്തോട്, അയ്യമ്പുഴ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്.
*************************************************
30 വർഷം മുമ്പ് നാട്ടുകാർ പാട്ടത്തിന് സ്ഥലം എടുത്ത് കപ്പയും ഇഞ്ചിയുമൊക്കെ കൃഷി ചെയ്തിരുന്ന കോട്ടപ്പാറ പ്ലാന്റേഷൻ പിന്നീട് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ അക്കേഷ്യ തോട്ടമായി. ആനകൾ പകൽ ഇവിടെ തമ്പടിച്ചാണ് രാത്രി കൃഷിഭൂമിയിൽ ഇറങ്ങുന്നത്.
അക്കേഷ്യമരങ്ങളുടെ തൊലി ആനയ്ക്ക് പെരുത്തിഷ്ടമാണ്. ഇതൊക്കെകഴിഞ്ഞ് നാട്ടിലിറങ്ങുമ്പോൾ എന്തൊ മുൻവൈരാഗ്യം തീർക്കുന്ന മട്ടിലാണ് പെരുമാറ്റം. മനുഷ്യരുടെ ചെറുത്തുനിൽപ്പിനെ വകവയ്ക്കില്ല. ആദ്യകാലങ്ങളിൽ കർഷകർ കൂട്ടം ചേർന്ന് പാട്ടകൊട്ടിയും കൂകിവിളിച്ചും പന്തം കത്തിച്ചുമൊക്കെ ആനകളെ തുരത്തുമായിരുന്നു. പലതവണയായപ്പോൾ ഇത്തരം വിരട്ടലുകളൊന്നും വിലപ്പോവാതായി. പിന്നീട് ആംബുലൻസിന്റെ സൈറൺ മുഴക്കിയും പടക്കം പൊട്ടിച്ചും ടോർച്ച് അടിച്ചും വിരട്ടാൻ ശ്രമിച്ചു. നിലവിൽ ഇതൊന്നും ഫലപ്രദമാകുന്നില്ല. ടോർച്ച് അടിച്ചാൽ അതിനുനേരേ ചീറിയടുക്കുകയാണ്.
ആക്രമണരീതിയിൽ അടിമുടി മാറ്റം
മാനും മയിലും പന്നിയുമൊക്കെ ഭക്ഷ്യവിളകൾ മാത്രമാണ് തിന്നുനശിപ്പിക്കുന്നതെങ്കിൽ ആനകൾ മുമ്പിൽ കാണുന്നതെല്ലാം തകർത്തുതരിപ്പണമാക്കും. വനാതിർത്തിയിലെ സൗരോർജവേലി പൊളിച്ച് നാടിറങ്ങിയാൽ ആദ്യം കൃഷിഭൂമിയുടെ അതിരുകയ്യാല പൊളിക്കും. കാട്ടാനകൾ പൊതുവെ കൂട്ടത്തിലെ നേതാവിന് പിന്നാലെ വരിവരിയായി സഞ്ചരിക്കുന്ന മൃഗമാണ്. പക്ഷേ, നാട്ടിൽ ഇറങ്ങുമ്പോൾ അത്തരം പെരുമാറ്റചട്ടങ്ങളൊന്നും പാലിക്കാറില്ല. നിരന്നുനടന്ന് ആക്രമിക്കുകയാണ്. അഞ്ച് ആനകൾ വന്നാൽ അഞ്ചിടത്ത് കയ്യാല പൊളിക്കും. തിരിച്ചുപോകാൻ വേറെ കയ്യാലപൊളിക്കും.
കൈത, തെങ്ങ്, കവുങ്ങ്, വാഴ തോട്ടങ്ങളിലിലായിരുന്നു ആദ്യകാലത്ത് ശല്യം. ചക്ക, കൈതച്ചക്ക സീസണായാൽ പറയുകയും വേണ്ട. ഇതിനെതിരെ നാട്ടുകാർ പരാതിപ്പെട്ടപ്പോൾ ആനയെ ആകർഷിക്കുന്ന കൃഷിയാണ് പ്രശ്നമെന്നായിരുന്നു വനംവകുപ്പിന്റെ മറുപടി. അതുകൊണ്ട് അത്തരം കൃഷികൾ ഉപേക്ഷിച്ചു. പ്ലാവിൽ ചക്കവിരിയുമ്പോൾ തന്നെ പറിച്ചുകളയാൻ തുടങ്ങി. അനുമതി കിട്ടിയിടത്തൊക്കെ പ്ലാവ് വെട്ടിക്കളഞ്ഞു. അനുവദിക്കാത്തിടത്താണ് ചക്കപറിച്ചുകളയുന്നത്. എന്നിട്ടും ആനശല്യം രൂക്ഷമാവുകയാണ്. ഇപ്പോൾ റബർ തൈകൾ നശിപ്പിക്കാൻ തുടങ്ങി. പുളിക്കക്കുന്നേൽ ഔസേഫ് എന്ന കർഷകന്റെ ആറുമാസം പ്രായമായ 5 ഏക്കർ റബർതൈകൾ ഒറ്റരാത്രികൊണ്ടാണ് ആന നശിപ്പിച്ചത്. തോട്ടത്തിന് ചുറ്റും സ്വന്തം നിലയിൽ നിർമിച്ച വൈദ്യുതി വേലിയും ആനകൂട്ടം തകർത്തു. ഇതിനൊക്കെ പുറമെ നാട്ടുകാരുടെ വസ്തുവകകൾ നശിപ്പിച്ചും വളർത്തുമൃഗങ്ങളെ കൊന്നുതള്ളിയും കട്ടക്കലിപ്പ് തീർക്കുകയാണ്.
കന്നുകാലിക്കും രക്ഷയില്ല
പുന്നയ്ക്കാപ്പിള്ളി മത്തായി, ആലുങ്കൽ ജോൺ ജോസഫ് എന്നിവരുടെ തൊഴുത്തിൽ കെട്ടിയിരുന്ന കറവപശുവിനെയും കാളക്കിടാവിനേയും കാട്ടാന കുത്തിക്കൊന്നു. വീപ്പനാട്ട് വർഗിസിന്റെ പോർച്ചിൽ കിടന്ന കാർ കുത്തിപ്പൊളിച്ചു. കൃഷി ദേഹണ്ഡങ്ങൾക്കപ്പുറം ഒരുപ്രദേശത്തെ മനുഷ്യരുടെ ജീവനോപാധികൾ പോലും നശിപ്പിക്കുന്ന രീതിയിലേക്ക് വന്യമൃഗശല്യം രൂക്ഷമായിട്ടും സർക്കാർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.