പിറവം: മഴ ശക്തമായതോടെ എറണാകുളം ജില്ലയിലുള്ള പാമ്പാക്കുട പഞ്ചായത്തിലെ പ്രകൃതിദത്തമായ അരുവിക്കൽ വെള്ളച്ചാട്ടത്തിൽ കുത്തൊഴുക്ക് കൂടി. നൂറടിയോളം ഉയരത്തിൽ നിന്ന് പാറക്കൂട്ടത്തിലേയ്ക്ക് ചിതറി താഴേക്കുപതിക്കുന്ന മനോഹര വെള്ളച്ചാട്ടം കാണാൻ ആസ്വാദകരുടെ തിരക്ക് കൂടി. അപകടസാധ്യത തീരെയില്ലെന്നതും വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാമെന്നതുമാണ് അരുക്കലിന്റെ പ്രധാന ആകർഷണം. മേഖലയിലെ ഏറ്റവും വലിയ കുന്നായ മണ്ഡലംമലയിൽ നിന്നും സമീപ പ്രദേശങ്ങളിലെ ചെറു തോടുകളിൽ നിന്നും ഊറിയെത്തുന്ന വെള്ളമാണ് താഴേക്കു പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്ക് എത്താൻ രണ്ട് വഴികൾ ഉണ്ട്. ഒന്ന് മുകളിൽ നിന്ന് താഴേയ്ക്ക് പടികൾ കയറാനും ഇറങ്ങാനും മറ്റൊന്ന് താഴയുള്ള റോഡിൽ നിന്നും നിർമ്മിച്ച വഴിയും. വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കുന്നതിനായി വെള്ളച്ചാട്ടതിന്നു അഭിമുഖമായി ഒരു പാലവും സന്ദർശകർക്കായി ടോയ്‌ലെറ്റുകളും ഡ്രസിംഗ് റൂമുകളും നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇവിടെ എത്തുന്നവർക്ക് രാത്രി വെളിച്ചം ലഭിക്കുന്നതിനായി വൈദ്യുതീകരണവും നടപ്പാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഗാർഡിനെ നിയമിച്ചിട്ടുണ്ട്.ഡിസംബർ വരെ തുടരുന്ന വെള്ളച്ചാട്ടം വേനൽ കടുക്കുന്നതോടെ ശക്തികുറഞ്ഞ് ശോഷിക്കും. പരിഹാരമെന്ന നിലയിൽ എം.വി.ഐ.പി കനാലിൽ നിന്നുള്ള വെള്ളം ഇവിടേക്കു തുറന്നുവിടുന്നതുൾപ്പെടെയുള്ള സാധ്യതകൾ ചർച്ചകൾ നടക്കുന്നുണ്ട്.