കൊച്ചി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനൊപ്പം സാധാരണ ജീവിതം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ മേളകൾ പുനരാരംഭിച്ചു. കുടുംബശ്രീയുടെ ജെൻഡർ വികസന വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. പായിപ്ര ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷനായി.
കൊവിഡ് പ്രതിരോധ സെമിനാറുകൾ, മാനസികാരോഗ്യ സെമിനാറുകൾ, യോഗ, സ്വയം പ്രതിരോധ പരിശീലനങ്ങൾ, ജെൻഡർ സംവാദ്, തെരുവ് നാടകങ്ങൾ, ഫ്ളാഷ് മോബുകൾ, നിയമാവബോധ ക്ലാസുകൾ, ഇരുചക്ര വാഹന റാലികൾ, ഓർമ്മപ്പൂക്കൾ, കലാപരിപാടികൾ, വിപണന മേളകൾ, പ്രതീകാത്മക കോലം പ്രദർശനം, പോസ്റ്റർ പ്രചരണങ്ങൾ തുടങ്ങി വൈവിദ്ധ്യങ്ങളായ പരിപാടികളാണ് സാമൂഹ്യ മേളയുടെ ഭാഗമായി വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ അരങ്ങേറുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള പ്രചരണങ്ങളും ഇതോടൊപ്പം നടക്കും. ജില്ലയിൽ നിലവിൽ 93 ജെൻഡർ റിസോഴ്‌സ് സെന്ററുകളാണ് കുടുംബശ്രീ സി.ഡി.എസുകളുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ജില്ലാതല റിസോഴ്‌സ് സെന്ററായി 24 മണിക്കൂറും 365 ദിവസവും സ്‌നേഹിതയും പ്രവർത്തിക്കുന്നു.
നിസ മൈതീൻ, നാസർ വി. എം, എം. സി. വിനയൻ ,സാജിത , സിനി സുധീഷ് , കുടുംബശ്രീ ഭാരവാഹികളായ പ്രീതി എം.ബി, ഷൈൻ റ്റി. മണി ,സ്മിതാ ദിലീപ് (സി.ഡി.എസ്. മെമ്പർ) എന്നിവർ സംസാരിച്ചു.