1

കോലഞ്ചേരി: കൊയ്‌തെടുക്കേണ്ട സമയമായിട്ടും കതിരിടാതെ നിൽക്കുന്ന പാടശേഖരം കർഷകസ്വപ്നങ്ങൾക്ക് തിരിച്ചടിയായി. കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പ് നെച്ചുപ്പാടം പാടശേഖരത്തിലെ അഞ്ചരയേക്കർ നെൽക്കൃഷിയാണ് വിളവെടുക്കേണ്ടസമയം കഴിഞ്ഞിട്ടും കതിരിടാതെ നിൽക്കുന്നത്. കൃഷിയിറക്കിയാൽ 100 ദിവസം കഴിയുമ്പോഴേക്കും കൊയ്‌തെടുക്കേണ്ട പാടത്തെ നെൽച്ചെടികളാണ് ഇപ്പോഴും കതിരണിയാതെ പച്ചപിടിച്ചുനിൽക്കുന്നത്. പാങ്കോട് കൊടിയാരിൽ ബിനു എന്ന കർഷകൻ പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ നെൽക്കൃഷിയാണ് വിളവെടുക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഐ.ആർ 8 ഇനത്തിലുള്ള നെല്ലാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ തവണ ലഭിച്ച നെല്ലിൽനിന്നാണ് വിത്തുശേഖരിച്ചതെന്ന് ബിനു പറഞ്ഞു.

ഇരുപത് വർഷത്തിലധികമായി കൃഷി ചെയ്യാതിരുന്ന പാടശേഖരത്തിൽ ഇറക്കിയ മൂന്നാംപൂപ്പ് കൃഷിക്കാണ് പരാജയം നേരിട്ടത്. മേഖലയിൽ തരിശായിക്കിടക്കുന്ന നിലങ്ങൾ പാട്ടത്തിനെടുത്ത് സ്വന്തം അദ്ധ്വാനത്താൽ കൃഷിചെയ്ത് വിജയിപ്പിച്ചയാളാണ് ബിനു. മുൻ വർഷങ്ങളിൽ ബിനുവിന്റെ പാടശേഖരങ്ങളിൽ വിളഞ്ഞ ജൈവകൃഷിയിലെ നെല്ല് ജൈവഅരിയാക്കി കടയിരുപ്പ് സി.വി.ജെ ഫൗണ്ടേഷൻ ഏറ്റെടുത്തിരുന്നു. പാടം കതിരണിയാത്തത് സംബന്ധിച്ച് കൃഷി ഭവനിൽ അറിയിച്ചതനുസരിച്ച് വൈ​റ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രവിഭാഗം പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത്തരം പ്രതിഭാസം അപൂർവമാണെന്നും വളപ്രയോഗത്തിലെ അപാകതയോ വിളവിന് ആവശ്യമായ സൂക്ഷ്മമൂലകങ്ങളുടെ കുറവോ ആകാം ഇതിനുകാരണമെന്നും പരിശോധനാഫലം ലഭിച്ചതിനുശേഷമേ വ്യക്തമായ കാരണം കണ്ടെത്താനാകൂ എന്നും ഗവേഷണവിഭാഗം പ്രതിനിധികൾ അറിയിച്ചു.

തരിശുനിലങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന ബിനുവിന് ഏകദേശം ഒരു ലക്ഷത്തിലധികം രൂപയാണ് നഷ്ടം നേരിടേണ്ടിവന്നത്. ഇത്തരം അനുഭവം മ​റ്റൊരു കർഷകർക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറയുന്നു.