കൊച്ചി: കാൽനട യാത്രക്കാരുടെ വഴിമുടക്കി തെരുവ് കച്ചവടം പൊടിപൊടിക്കുന്നു. ഹൈക്കോടതി മുതൽ ഗോശ്രീ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് കച്ചവടം കൊഴുക്കുന്നത്. ലോക്ക്ഡൗൺ കാലത്താണ് ഇവിടേക്ക് കച്ചവടക്കാരുടെ ഒഴുക്ക് തുടങ്ങിയത്. വഴിയോരത്തെ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി ആളുകൾ ദീർഘനേരം വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണിവിടെ. വഴിയരികിൽ മാലിന്യം തള്ളുന്നതും പ്രശ്നമാണ്.
അധികൃതരും പൊലീസും ഈ അനധികൃത കച്ചവടം കണ്ടില്ലെന്നു നടിക്കുകയാണ്. മറൈൻഡ്രൈവിൽ നിർമ്മാണം നടന്നുവരുന്ന കൊച്ചി കോർപ്പറേഷന്റെ ആസ്ഥാനമന്ദിരത്തിന്റെ പരിസര പ്രദേശങ്ങൾ കച്ചവടക്കാർ റിസർവ് ചെയ്ത മട്ടാണ്.
കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) പുനരുദ്ധരിക്കുന്ന റോഡുകളുടെ നടപ്പാതകൾ തെരുവുകച്ചവടക്കാരും വാഹനപാർക്കിംഗുകാരും കൈയടക്കി. അടുത്ത് നിർമ്മാണം പൂർത്തിയാക്കിയ എബ്രഹാം മാടമ്മാക്കൽ റോഡിന്റെ നടപ്പാതയുടെ മിക്കവാറും ഭാഗം തെരുവുകച്ചവടക്കാരുടെ പിടിയിലാണ്.
നിർമ്മാണം പുരോഗമിക്കുന്ന ഹൈക്കോടതി ജംഗ്ഷനിൽനിന്ന് ഗോശ്രീപാലത്തിലേക്കുള്ള റോഡിൽ പണിതീരുന്ന ഭാഗം അപ്പപ്പോൾ കച്ചവടക്കാർ പിടിച്ചടക്കും. ഇപ്പോൾത്തന്നെ മുപ്പതോളം കച്ചവടക്കാർ ഇവിടെ വ്യാപാരം നടത്തുന്നു. ഭംഗിയായി ടൈലുകളിട്ടിടത്തേക്ക് വാഹനങ്ങൾ കയറ്റിയും പൈപ്പുകൾ നാട്ടിയുംവരെ കച്ചവടം പൊടിപാെടിക്കുകയാണ്.
ജനറൽ ആശുപത്രി ജംഗ്ഷൻ, വുഡ്‌ലാൻഡ്സ് ജംഗ്ഷൻ, നഗരത്തിലെ വിവിധ ഇടറോഡുകൾ എന്നിവിടങ്ങളിലെ പുത്തൻ നടപ്പാതകളിലെ അനധികൃത പാർക്കിംഗും കാൽനടയാത്രക്കാരെ വലയ്ക്കുന്നു.
ശക്തമായ നടപടി
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും കച്ചവടക്കാരെ ഇവിടെ നിന്ന് മാറ്റുകയല്ലാതെ മറ്റ് പോംവഴിയില്ല. സ്മാർട്ട് മിഷൻ ലിമിറ്റഡ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി വരുന്നതിനനുസരിച്ച് തെരുവുകച്ചവക്കാർ നടപ്പാതകൾ കൈയേറുന്ന സ്ഥിതിയാണ്. ലോക്ക്ഡൗണിൽ വാഹനങ്ങൾ കുറവായതുകൊണ്ടാണ് വലിയ അപകടങ്ങൾ ഒന്നും ഉണ്ടാകാത്തത്. ഹൈക്കോടതിയും തെരുവ് കച്ചവടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. അനധികൃത കച്ചവടത്തിനെതിരെ കോർപ്പറേഷന് പരാതി നൽകും.
സി.എസ്.എം.എൽ വക്താവ്
ഐഡന്റിറ്റി കാർഡ്
നൽകി
നഗരത്തിലെ 2916 തെരുവ്കച്ചവടക്കാർക്ക് അടുത്തകാലത്ത് കോർപ്പറേഷൻ ഐഡന്റിറ്റി കാർഡ് നൽകിയിരുന്നു. തെരുവ് കച്ചവടക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു അടിയന്തര തീരുമാനം.
ഉടൻ നടപടി
ഗോശ്രീ ജംഗ്ഷൻ മാത്രമല്ല ക്വീൻസ് വാക് വേ ഉൾപ്പടെയുള്ള സമീപവഴികൾകൂടി കച്ചവടക്കാർ കൈയേറുമോയെന്ന് ആശങ്കയുണ്ട്. ഇക്കാര്യം മേയറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
മിനി ദിലീപ്, കൗൺസിലർ