തോപ്പുംപടി: കൊച്ചിയോടൊപ്പം സൈക്കിളിൽ എന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സാമ്പത്തിക വർഷത്തെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ബജറ്റിൽ ഉൾപ്പെടുത്തിയ സൈക്കിൾ സവാരി സൗഹൃദ നഗരമാക്കി കൊച്ചിയെ മാറ്റുന്നതിനായി തയ്യാറാക്കിയ പദ്ധതിയാണിത്. ഇൻഡോ-ജർമ്മൻ സാങ്കേതിക സഹകരണത്തിനായുള്ള ജർമ്മൻ ഫെഡറൽ സർക്കാരിന്റെ അന്തർദേശീയ ഏജൻസിയുടെ സഹായത്തോടെയും സാങ്കേതിക പിന്തുണയോടെയാണ് കൊച്ചിയോടൊപ്പം സൈക്കിളിൽ എന്ന കാമ്പയിൻ ആരംഭിക്കുന്നത്. സൈക്ലിംഗിന്റെയും ആക്റ്റീവ് സ്ട്രീറ്റുകളുടെയും ഇന്ത്യയിലെ തലസ്ഥാനമായി കൊച്ചിയെ മാറ്റാനുള്ള കാഴ്ചപ്പാടോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ മീറ്റിംഗ് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്നു. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ജിസിന്റെ സഹായത്തോടെ തയ്യാറാക്കിയ കൊച്ചി ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി ഡോക്യുമെന്റിലെ നിർദ്ദേശങ്ങളാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ 74 ഡിവിഷനുകളിലും അനുയോജ്യമായ റോഡുകൾ കണ്ടെത്തി സൈക്കിൽ സവാരിക്ക് അനുയോജ്യമായ രീതിയിൽ പുനക്രമീകരിക്കും. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, റവന്യൂ വകുപ്പ്, സിറ്റി ട്രാഫിക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്,നാഷണൽ ഹൈവേസ് അതോറിറ്റി ഒഫ് ഇന്ത്യ, സംസ്ഥാന ഹൈവേ വകുപ്പ്, സൈക്ലിംഗ് ക്ലബ്ബുകൾ, ഭിന്നശേഷിക്കാരുടെ സംഘടനകൾ തുടങ്ങിയവർ ഈ പദ്ധതിയുടെ ഭാഗമായ ക്യാമ്പയിനിൽ അണിചേരും. പദ്ധതിയുടെ ഭാഗമായി 74 ബൈസൈക്കിൾ ചാമ്പ്യന്മാരെയും 74 ജൂനിയർ സൈക്കിൾ ചാമ്പ്യന്മാരെയും 74 ബൈസൈക്കിൾ മാർഷൽമാരെയും തിരഞ്ഞെടുക്കും. പ്രാദേശിക സൈക്ലിംഗ് ക്ലബുകളുമായി യോജിച്ചുള്ള പ്രവർത്തനങ്ങൾ, റോഡ് സുരക്ഷയെ കുറിച്ചുള്ള പരിപാടികൾ, കുടുംബശ്രീ, പെൺകുട്ടികൾ, വീട്ടുജോലിക്കാർ എന്നിവർക്ക് മുൻഗണന നൽകി കൊണ്ട് സൈക്കിൾ പരിശീലന പരിപാടികൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യും.