# കളക്ടർ ഇന്ന് കോളനി സന്ദർശിക്കും
തൃക്കാക്കര: പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന കാക്കനാട് അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾക്ക് പുനരധിവാസം ഉടൻ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. മണ്ണിടിച്ചിൽ ഭീതിയെത്തുടർന്ന് ഈ കുടുംബങ്ങളെ പുനരധിവസിപ്പിച്ചിരിക്കുന്ന കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചശേഷം കളക്ടറുടെ നേതൃത്വത്തിൽ ജനപ്രധിനിധികൾ, കോളനി നിവാസികൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് കോളനി നിവാസികൾക്ക് ഉറപ്പ് നൽകിയത്. പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ സംബന്ധിച്ച് കളക്ടർ, എം.എൽ.എ, ചെയർപേഴ്സൻ, വാർഡ് കൗൺസിലർ, റവന്യൂ ഉദ്യോഗസ്ഥർ, കോളനിയിലെ താമസക്കാരുടെ നാല് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. ഈ യോഗം അടിയന്തിരമായി ചേർന്ന് ഈ കുടുംബങ്ങൾക്കായി കണ്ടുപിടിച്ച സ്ഥലം കൈമാറാൻ നടപടി സ്വീകരിക്കും. ഈ കുടുംബങ്ങൾക്ക് വീടുവെക്കാൻ ജില്ലാ ഭരണകുടത്തിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പ് 25 വരെ തുടരും.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് കളക്ടർ അത്താണി കീരേലിമല 21 കോളനി സന്ദർശിക്കും. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കളക്ടർ ക്യാമ്പ് സന്ദർശിക്കാൻ എത്തിയത്. എ.ഡി.എം എസ്. ഷാജഹാൻ, തഹസിദാർ രഞ്ജിത്ത് ജോർജ്, വില്ലേജ് ഓഫീസർ സുനിൽ, നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വാർഡ് കൗൺസിലർ എം.ജെ. ഡിക്സൻ, സി.സി. വിജു, പി.സി. മനൂപ് എന്നിവരും സന്നിഹിതരായിരുന്നു. കളക്ടർ ക്യാമ്പ് സന്ദർശിച്ചശേഷം കോളനി നിവാസികൾക്കൊപ്പം അൽപസമയം ചിലവിട്ട ശേഷമാണ് മടങ്ങിയത്.