കൊച്ചി: സംസ്ഥാനത്തെ എല്ലാ വൻകിട അണക്കെട്ടുകളിലും സുരക്ഷയുടെ ഭാഗമായി റൂൾ കർവ് (റൂൾ ലെവൽ) നിർബന്ധമാക്കിയിട്ടും ജനലക്ഷങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്ന മുല്ലപ്പെരിയാറിന് ഇതു ബാധകമായിട്ടില്ല.
അണക്കെട്ടുകളുടെ ജല മാനേജ്മെന്റിനുള്ള സുപ്രധാന മാനദണ്ഡമാണ് ഓരോ ദിവസത്തെയും അനുവദനീയമായ ജലനിരപ്പ് രേഖപ്പെടുത്തുന്ന റൂൾ ലെവൽ. ദുരന്ത സാഹചര്യങ്ങളിൽ റൂൾ ലെവലിന് മുകളിലുള്ള വെള്ളം ഒഴുക്കി കളയണമെന്നാണ് ചട്ടം.
കെ.എസ്.ഇ.ബിയുടെയും ജലവിഭവ വകുപ്പിന്റെയും മറ്റ് എല്ലാ വലിയ അണക്കെട്ടുകളിലെയും റൂൾ ലെവലും അലർട്ടും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി (കെ.എസ്.ഡി.എം.എ) ദിവസവും വൈബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. കേരളവും തമിഴ്നാടും സംയുക്തമായി മേൽനോട്ടം വഹിക്കുന്ന മുല്ലപ്പെരിയാറിന് ഇവ ബാധകമാക്കിയിട്ടില്ല. തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് ഇത് ചെയ്യേണ്ടത്.
2014ൽ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയായി ഉയർത്താമെന്ന വിധിയുടെ പശ്ചാത്തലത്തിൽ അടിയന്തരമായി റൂൾ ലെവൽ നിശ്ചയിക്കണമെന്ന് സുപ്രീംകോടതി തമിഴ്നാടിനോട് നിർദ്ദേശിച്ചിരുന്നു. കേരളം പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. 2018, 2019 പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ കേരളം നിലപാട് കടുപ്പിച്ചതിനെത്തുടർന്ന് അടുത്തിടെ തമിഴ്നാട് റിപ്പോർട്ട് നൽകിയെങ്കിലും കേന്ദ്ര ജലകമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനംദിന സ്ഥിതിവിവരങ്ങൾ അന്വേഷിച്ചാൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും കേരള സർക്കാരും കൈമലർത്തും.
റൂൾ ലെവൽ
ഒരോ അണക്കെട്ടിലും അതത് ദിവസം സംഭരിക്കാൻ അനുമതിയുള്ള ജലത്തിന്റെ അളവാണ് റൂൾ ലെവൽ അഥവാ റൂൾ കർവ്. വൃഷ്ടിപ്രദേശത്തെ മഴയും നീരൊഴുക്കും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരാണ് ഇത് തയ്യാറാക്കുക.
അതിതീവ്ര മഴ, ഉരുൾപൊട്ടൽ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളോ അവ സംബന്ധിച്ച മുന്നറിയിപ്പോ ഉണ്ടാകുമ്പോൾ റൂൾ കർവിന് മുകളിലുള്ള വെള്ളം ഒഴുക്കിവിടണം. ഉദാഹരണത്തിന് 2403 അടി പരമാവധി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടിന്റെ കഴിഞ്ഞ ദിവസങ്ങളിലെ റൂൾ ലെവൽ 2398.86 അടിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അണക്കെട്ട് തുറന്നത്.
200 ദശലക്ഷം ഘന മീറ്ററിന് (എം.സി.എം) മുകളിൽ സംഭരണ ശേഷിയുള്ള എല്ലാ അണക്കെട്ടുകൾക്കും റൂൾ ലെവൽ നിർബന്ധമാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തമിഴ്നാട് നൽകിയ റിപ്പോർട്ട് കേരളത്തിന്റെ അഭിപ്രായം കൂടി രേഖപ്പെടുത്തി കേന്ദ്ര ജലകമ്മിഷന് സമർപ്പിച്ചിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല.
അലക്സ് വർഗീസ്, ചീഫ് എൻജിനീയർ, അന്തർസംസ്ഥാന നദീജല വിഭാഗം.