ആലുവ: ആലുവ ജോയിന്റ് ആർ.ടി ഓഫീസിന് കീഴിൽ പല ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങുന്നതായി പരാതി. രണ്ട് വർഷത്തിലധികമായി ലേണേഴ്സ് ലൈസൻസ് നേടുകയും ഒക്ടോബർ 31ന് കാലാവധി അവസാനിക്കുകയു ചെയ്യുന്ന നിരവധി അപേക്ഷകർക്ക് ഡ്രൈവിംഗ് ടെസ്റ്റിന് അവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി.

കൂടാതെ ദുർഘടമായ ഓൺലൈൻ സംവിധാനത്തിൽ സ്ലോട്ടുകൾ ബുക്ക് ചെയ്ത പലരുടെയും ടെസ്റ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയില്ല. 31നകം ടെസ്റ്റ് നടന്നില്ലെങ്കിൽ വൻ തുകയടച്ച് ലേണേഴ്‌സ് വീണ്ടും പുതുക്കേണ്ട സാഹചര്യമാണ്. ജില്ല ഡ്രൈവിംഗ് സ്‌കൂൾ ഓപ്പറേറ്റേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ആർ.ടി.ഒക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും അനുകൂല നടപടിയില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ ശക്തമായ സമരമാരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഇസ്മായിൽ പൂഴിത്തറ അറിയിച്ചു.