മുളന്തുരുത്തി: ജനകീയ ഹോട്ടലിന്റെ പേരിൽ നടത്തുന്ന കെട്ടിടനിർമ്മാണം ചട്ടം ലംഘിച്ചാണെന്നും നിർമ്മാണം നിർത്തിവച്ച് ഇതേക്കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിയിൽ എൽ.ഡി.എഫ് പ്രതിഷേധം. ഇന്നലെ നടന്ന കമ്മറ്റിയിൽ എൽ.ഡി.എഫിലെ ഏഴ് അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭരണകക്ഷിക്കാർ വിഷയം തള്ളിക്കളഞ്ഞതോടെയാണ് പ്രതിപക്ഷം കമ്മറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന ധർണ സി.പി.എം ലോക്കൽ സെക്രട്ടറി പി.ഡി രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലിജോ ജോർജ് അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലതിക അനിൽ, പി.എൻ. പുരുഷോത്തമൻ, വി.കെ. വേണു, കെ. ജോയി എന്നിവർ സംസാരിച്ചു.