edward

കൊച്ചി: അമിതവേഗത്തിൽ പാഞ്ഞ ബൈക്കുകളും സ്കൂട്ടറും കൂട്ടി​യി​ടി​ച്ച് രണ്ട് പേർ മരി​ച്ചു. പരി​ക്കേറ്റ നാലു പേരി​ൽ ഒരാളുടെ നി​ല അതീവ ഗുരുതരം. എറണാകുളം കടവന്ത്ര കെ.പി.വള്ളോൻ റോഡിൽ വെള്ളി​യാഴ്ച അർദ്ധരാത്രി​ 12.30 ഓടെയാണ് അസാധാരണമായ അപകടം.

മലപ്പുറം കൂവളമുക്കട കൊട്ടക്കല്ലിൽ അനീഷ് (26), എളമക്കര പൊറ്റക്കുഴി​ കുമ്മനാട്ട് വീട്ടിൽ എഡ്വേർഡ് (47) എന്നിവരാണ് മരിച്ചത്. കടവന്ത്ര സ്വദേശി ആരോൺ ജേക്കബ്, കോന്തുരുത്തി സ്വദേശി അനന്തു (22), തോമസ് (44), ജോസഫ് എന്നിവർക്കാണ് പരിക്ക്. അനന്തുവിന്റെ പരിക്കാണ് ഗുരുതരം.

അനീഷും ആരോണും അനന്തുവും സഞ്ചരി​ച്ച ഡ്യൂക്ക് ബൈക്ക് കെ.പി​.വള്ളോൻ റോഡി​ലെ കരി​മ്പുറത്ത് ജംഗ്ഷനി​ൽ വച്ച് എഡ്വേർഡും ജോസഫും സഞ്ചരി​ച്ച യമഹ ബൈക്കുമായി​ കൂട്ടി​യി​ടി​ക്കുകയായി​രുന്നു. ഇവരെ ഹോണ്ട ആക്ടീവ സ്കൂട്ടറി​ൽ അനുഗമി​ച്ച തോമസി​നും പരി​ക്കുപറ്റി.

ബൈക്കുകൾ രണ്ടും തകർന്ന് തരി​പ്പണമായി​. തൊട്ടടുത്ത ചെടി​കൾ വി​ൽക്കുന്ന നഴ്സറി​യുടെ മതി​ലും തകർന്നു. അപകട സ്ഥലത്തി​ന് തൊട്ടടുത്ത് ആൾത്താമസമി​ല്ല. അപകടം ആരും കണ്ടതുമി​ല്ല. ഇതുവഴി​ പോയവർ അറി​യി​ച്ചതി​നെ തുടർന്ന് പൊലീസ് എത്തി​യാണ് അപകടത്തി​ൽപ്പെട്ടവരെ ആശുപത്രി​യി​ലാക്കി​യത്. സംഭവസ്ഥലം രക്തം തളംകെട്ടി​യ നി​ലയി​ലായി​രുന്നു.

എഡ്വേർഡ് റി​ട്ട. നാവി​ക ഉദ്യോഗസ്ഥനാണ്. പരി​ക്കേറ്റ തോമസും ജോസഫും നാവി​ക ഉദ്യോഗസ്ഥരും എഡ്വേർഡി​ന്റെ സുഹൃത്തുക്കളുമാണ്. ആന്റണി​യുടെയും ഗ്രേസി​യുടെയും മകനാണ് എഡ്വേർഡ്. ഭാര്യ: ജി​ൻസി​. മക്കൾ: ആൻ റി​നെയ്‌ര, സി​സി​ലി​.

അലുമിനിയം ഫാബ്രിക്കേഷൻ കോഴ്സ് പാസായ അനീഷ് കൊച്ചിയിൽ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. പരേതനായ ഉണ്ണി​കൃഷ്ണന്റെയും നളി​നി​യുടെയും മകനാണ്. സഹോദരൻ അജീഷ്, അനശ്വര, അഞ്ജി​മ.

മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിൽ.

അപകടകാരണം അമിതവേഗം

കെ.പി​.വള്ളോൻ റോഡിലൂടെ ഡ്യൂക്ക് ബൈക്കി​ൽ കടവന്ത്രയി​ലേക്ക് അമി​തവേഗത്തി​ൽ വരി​കയായി​രുന്നു അനീഷും രണ്ട് സുഹൃത്തുക്കളും. എതി​രേ വന്ന എഡ്വേർഡും ജോസഫും സഞ്ചരിച്ച യമഹ ബൈക്കി​ലേക്ക് ഇവർ ഇടി​ച്ചുകയറി​. മൂന്നു വാഹനങ്ങളും അമി​തവേഗത്തി​ലായി​രുന്നുവെന്നാണ് പൊലീസ് നി​ഗമനം. സ്കൂട്ടറി​ന് കാര്യമായ കേടുപാടുകളി​ല്ല. സ്കൂട്ടർ എങ്ങ​നെ അപകടത്തി​ൽപ്പെട്ടെന്നും വ്യക്തമായ വി​വരമി​ല്ല.

അപകടത്തി​ന് ദൃക്സാക്ഷി​കൾ ഇല്ലാത്തതി​നാൽ പൊലീസി​നും വ്യക്തമായ വി​വരങ്ങൾ ലഭി​ച്ചി​ട്ടി​ല്ല. സ്ഥലത്തെ സി.സി.ടിവി കാമറകൾ പൊലീസ് പരിശോധിക്കും.