കൊച്ചി: കേരളത്തിലെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുത്ത് തീരത്തിനും ഇടനാടിനും മലനാടിനും യോജിക്കുന്ന വിധം പ്രകൃതി സംരക്ഷണ പദ്ധതിക്ക് രൂപം നൽകണമെന്ന് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ട് ഒരു പുനർവായന എന്ന വിഷയത്തിൽ എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കൗൺസിൽ സംഘടിപിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂവിനിയോഗ കാര്യത്തിൽ നിയന്ത്രണങ്ങൾ വരുമ്പോൾ പ്രതികരണങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. ഇതിന്റെ പേരിൽ ഹൈറേഞ്ചിലുള്ളവർ പ്രകൃതി സംരക്ഷണത്തിന് എതിരാണെന്ന് സ്ഥാപിക്കാൻ നടക്കുന്ന നീക്കങ്ങൾ ശരിയല്ല. ദുരന്ത നിവാരണം എന്നതിനപ്പുറം പ്രകൃതി സംരക്ഷണത്തിനാണ് മുൻകൈ എടുക്കേണ്ടത് - മുരളി തുമ്മാരുകുടി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു അഡ്വ ഹരീഷ് വാസുദേവൻ, ഡോ. ജിഡി മാർട്ടിൻ, കെ.എൻ.സുഗതൻ, ടി.സി.സഞ്ജിത്ത്, എൻ.അരുൺ, കെ.ആർ.റെനീഷ്, രേഖാ ശ്രീജേഷ്, കെ.എസ്. ജയ്ദീപ് തുടങ്ങിയവർ സംസാരിച്ചു.