ആലുവ: കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതായി ആരോപിച്ച് ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധം. ഒരംഗം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ മറ്റൊരംഗം സെക്രട്ടറിയുടെ ചേമ്പറിന് മുമ്പിൽ ഒരു മണിക്കൂറിലേറെ കുത്തിയിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

നേരത്തെ തീരുമാനിച്ചിരുന്ന റോഡ് ടാറിംഗ് റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് എട്ടാംവാർഡ് മെമ്പർ അലീന ലിനേഷ് ഇറങ്ങിപ്പോയത്. കോടതി സ്റ്റേ ഉള്ളതിനാലാണെന്ന് പ്രസിഡന്റ് മറുപടി പറഞ്ഞപ്പോൾ സമാന ഉത്തരവ് ബാധകമായ റോഡിന്റെ ടാറിംഗ് പ്രസിഡന്റിന്റെ വാർഡിൽ നടത്തുന്നതെങ്ങനെയെന്ന് തിരിച്ച് ചോദിച്ചാണ് അലീന ഇറങ്ങിപ്പോക്ക് നടത്തിയത്. 11 -ാം വാർഡ് മെമ്പർ കെ.കെ. ശിവാനന്ദനാണ് കുത്തിയിരുന്നത്.

ലക്ഷംവീട് കോളനി നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ച് കരാറുകാരുടെ നിർദ്ദേശപ്രകാരം മറ്റൊരു റോഡിന് ഫണ്ട് അനുവദിച്ചെന്നായിരുന്നു ശിവാനന്ദന്റെ പരാതി. ചോദ്യത്തിന് മറുപടി നൽകാതെ പ്രസിഡന്റ് യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയതോടെയാണ് സെക്രട്ടറിയുടെ കാബിന് മുമ്പിൽ ശിവാനന്ദൻ കുത്തിയിരുന്നത്.

സംഭവമറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ശിവാനന്ദനുമായി ബന്ധപ്പെട്ട് വിഷയം പരിശോധിക്കാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് കുത്തിയിരിപ്പ് അവസാനിപ്പിച്ചത്.