padling

കൊച്ചി: തുഴയെറിഞ്ഞ് ഹൈബി ഈഡൻ എം.പിയും കമാൻഡർ അഭിലാഷ് ടോമിയും. കരയിൽ ആവേശം ഒട്ടുചോരാതെ ഫ്ലാഗ് വീശി റേസ് സ്റ്റാർട്ട് ചെയ്ത മന്ത്രി പി.രാജീവ്. കയാക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച കൊച്ചിൻ പാഡിൽ ക്ലബ്ബിന്റെ ഉദ്ഘാടനം ബോൾഗാട്ടിയിലെ കൊച്ചിൻ ഇന്റർനാഷണൽ മറീനയിൽ ആഘോഷമായി.
കൊച്ചിക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനമാണ് കയാക്കിംഗ് എന്ന് മന്ത്രി പറഞ്ഞു. അതിന്റെ മുന്നേറ്റത്തിന് പരമാവധി പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാർത്ഥികളെയടക്കം പങ്കെടുപ്പിച്ച് കയാക്കിംഗ് പരിശീലനം നടത്താൻ കഴിയുകയെന്നത് വലിയ കാര്യമാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ബോൾഗാട്ടിയിലെ കെട്ടിടത്തെക്കാൾ ഉയരത്തിലാണ് ഓരോ തിരകളുമെത്തിയിരുന്നതെന്ന് മുഖ്യാതിഥിയായിരുന്ന അഭിലാഷ് ടോമി കടൽ യാത്രയിലെ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഒരു ക്യുബിക് മീറ്റർ വെള്ളത്തിന്റെ ഭാരം ഒരു ടൺ ആണ്. അത്രയും ഉയരത്തിലുള്ള തിരമാലകൾ എത്ര ഭാരത്തിലാകും ആഞ്ഞടിക്കുകയെന്ന് അതിൽ നിന്ന് മനസിലാക്കാം. അത്തരം ഒരു സാഹചര്യത്തിലായിരുന്നു തന്റെ പായ് വഞ്ചി യാത്രയിൽ അപകടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫ്ളാഗ് ഓഫിനോടനുബന്ധിച്ച് നടന്ന കയാക്കിംഗ് റേസിൽ നിരവധി കായിക താരങ്ങൾ അണിനിരന്നു. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ പാഡിൽ ക്ലബ്ബ് ഭാരവാഹികളായ സൻദിത്ത് തണ്ടാശേരി, നബീൽ,കാൻഡി സമീർ, സിബി മത്തായി എന്നിവരും പങ്കെടുത്തു.

കൊച്ചിയിൽ ടു ഗോവ കപ്പലോട്ടമത്സരം

ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നേവൽ സെയിലിംഗ് അസോസിയേഷന്റെ (ഐ.എൻ.എസ്.എ) ആഭിമുഖ്യത്തിൽ കൊച്ചിയിൽ നിന്നും ഗോവയിലേക്ക് ഇന്ത്യൻ നാവികസേന ഓഫ്‌ഷോർ കപ്പൽ ഓട്ടമത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ മാഥേയ്, തരിണി, ബുൾബുൾ, നീൽകാന്ത്, കടൽപുര, ഹരിയാൽ എന്നി 6 കപ്പലുകൾ പങ്കെടുക്കും. 8 വനിതകൾ ഉൾപ്പെടെ 36 നാവികരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കൊച്ചി നാവിക ആസ്ഥാനത്ത് നിന്നും ഗോവയിലേക്ക് ഏകദേശം 360 നോട്ടിക്കൽ മൈൽ ദൂരമാണ് കപ്പലുകൾ പിന്നിടുക. മത്സരാർത്ഥികൾക്കിടയിൽ സാഹസികത, കപ്പലോട്ടം എന്നിവയോടുള്ള താല്പര്യം ഉറപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. അഞ്ചു ദിവസം നീളുമെന്ന് പ്രതീക്ഷിക്കുന്ന മത്സരം ഇന്ന് രാവിലെ 6ന് സതേൺ നേവൽ കമാൻഡ് കമാൻഡർ ഇൻ ചീഫ് വൈസ് അഡ്മിറൽ എ.കെ. ചൗള ഫ്ലാഗ് ഒാഫ് ചെയ്യും. 29ന് ഗോവയിൽ യാത്രികർക്ക് സ്വീകരണ ചടങ്ങിൽ ഗോവ നേവൽ വാർ കോളേജ് കമാൻഡന്റ് അദ്ധ്യക്ഷത വഹിക്കും.