മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂരിൽ കൂർക്ക കൃഷി വ്യാപകമാകുന്നു. ഒരുകാലത്ത് മുളവൂർ മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന കൂർക്ക കൃഷി കപ്പ കൃഷിയുടെ കടന്ന് വരവോടെ അപ്രത്യക്ഷമാവുകയായിരുന്നു. കാർഷിക മേഖലയായ മുളവൂരിൽ നെൽക്കൃഷിയോടൊപ്പം കൂർക്കക്കൃഷിയും വ്യാപകമായി ചെയ്തിരുന്നു. ടൺ കണക്കിന് കൂർക്കയാണ് കർഷകരിൽ നിന്നും മൊത്തവ്യാപാരികൾ സംഭരിച്ച് വിവിധ മാർക്കറ്റുകളിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. ഇതോടെ മുളവൂർ കൂർക്കയുടെ പേരും പെരുമയും വിവിധ ജില്ലകളിലേയ്ക്കും വ്യാപിച്ചിരുന്നു. കൂർക്കക്കൃഷി ചെയ്തിരുന്ന സ്ഥലത്ത് കൂർക്ക വിളവെടുപ്പിന് ശേഷം നെൽക്കൃഷിയും ചെയ്യാമെന്നതാണ് കർഷകരെ കൂർക്കക്കൃഷിയിലേയ്ക്ക് ആകർഷിക്കാൻ പ്രധാന കാരണം.
കഴിഞ്ഞ വർഷം അന്യം നിന്നുപോയ കാർഷിക വിളകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പായിപ്ര കൃഷി ഭവന്റെ സഹായത്തോടെ മുളവൂരിൽ ഏക്കർ കണക്കിന് സ്ഥലത്ത് കൂർക്കക്കൃഷി ചെയ്തിരുന്നു. ഈ വർഷവും നിരവധിയാളുകൾ കൂർക്കക്കൃഷി ചെയ്തിട്ടുണ്ട്. എന്നാൽ കാലംതെറ്റിപെയ്യുന്ന മഴ കൃഷിയുടെ വിളവിനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇക്കുറി കപ്പ വില കുറഞ്ഞതിനാൽ അടുത്ത വർഷം നിരവധിയാളുകൾ കൂർക്കക്കൃഷി ആരംഭിക്കുന്നതിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്.
കൂർക്കക്കൃഷി
അധികം പരിചരണം ഒന്നും വേണ്ടാത്ത കൂർക്ക വളരെ ചെലവ് കുറഞ്ഞ് കൃഷി ചെയ്യാൻ സാധിക്കും. കൂർക്കയ്ക്ക് പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിതശീതോഷ്ണമേഖലാ പ്രദേശങ്ങളിലും ഈ വിള നന്നായി വളരും. പാചകം ചെയ്താൽ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ് കൂർക്ക. ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലും അറിയപ്പെടുന്നു. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്ട്രോൾ കുറയ്ക്കാൻ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച വിത്ത് ഇനങ്ങൾ ഇന്ന് കൂർക്കയിലുണ്ട്. ഇതിൽ നിധിയും സുഫലയും കേരള കാർഷിക സർവകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും വികസിപ്പിച്ചെടുത്തതാണ്.