വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡിലെ കോരത് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. അവിടവിടെ കുഴികൾ രൂപപ്പെടുകയും മഴക്കാലമായതോടെ വെള്ളം നിറഞ്ഞ് കുളമായി മാറുകയും ചെയ്തു. മുനമ്പം മാണിബസാറിൽനിന്ന് പടിഞ്ഞാറോട്ട് ജെ.സി.എം കോളേജ് വഴിയുള്ള കോൺക്രീറ്റ് റോഡിന്റെ തുടർച്ചയാണ് കോരത് റോഡ്. ബീച്ച് റോഡിന്റെ കണക്ഷനുമാണ് ഈ വഴി. റോഡ് മുഴുവൻ വെള്ളക്കെട്ടിലായതിനാൽ കുഴികൾ എവിടെയെന്ന് തിരിച്ചറിയാനാകാതെ നിരവധി ടൂവീലറുകൾ അപകടത്തിൽപ്പെടുന്നു. റോഡിന്റെ വശങ്ങളിലുള്ള പല സ്ഥലത്തും കാട് പിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
റോഡ് നിർമ്മാണം നടത്തണമെങ്കിൽ ഇടത് വശത്തുള്ള തോടിന്റെ വശംചേർന്ന് സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതുണ്ട്. ഇതാണ് ഈ റോഡിന്റെ നിർമ്മാണത്തിന് പ്രധാനതടസം. നൂറ്റിഅമ്പതോളം കുടുംബങ്ങളാണ് ഈ വഴി ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സഹകരിച്ച് റോഡ് നിർമ്മാണം ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.